കൊല്ലം: കൊട്ടിയം ട്രാൻസിറ്റ് ഹോമിലുണ്ടായ സംഘർഷത്തിൽ നാല് വിദേശികളെ റിമാൻഡ് ചെയ്തു. ഘാനയിൽ നിന്നുള്ള വിക്ടോറിയ ഡിസാബ, നൈജീരിയക്കാരായ ഒകൊങ്കോ, ഇമ്മാനുവേൽ, ഒനിയെക്കോ മൈക്കിൾ എന്നിവരാണ് റിമാൻഡിലായത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വിദേശികൾ, നിയമവിരുദ്ധമായി രാജ്യത്ത് തങ്ങിയവർ, ശിക്ഷ കാലാവധി കഴിഞ്ഞിട്ടും സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ കഴിയാത്തവർ തുടങ്ങിയവരെയാണ് ട്രാൻസിറ്റ് ഹോമിൽ പാർപ്പിക്കുന്നത്. ഇവിടെ അന്തേവാസികളുടെ എണ്ണം ഉയർന്നതിനാൽ ഞായറാഴ്ച കൊണ്ടുവന്ന നൈജീരിയ സ്വദേശിയെ തിരുവനന്തപുരത്തെ ജയിലിലേക്ക് മടക്കിക്കൊണ്ടുപോയി. ഇതിൽ ട്രാൻസിറ്റ് ഹോമിലെ നാല് അന്തേവാസികൾ പ്രതിഷേധിച്ചു. തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിക്കുകയും ഓഫീസ് ഉപകരണങ്ങളും രേഖകളും നശിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ കൊട്ടിയം പൊലീസ് ആക്രമാസക്തരായ നാല് വിദേശികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊതുമുതൽ നശിപ്പിക്കൽ, ആക്രമണ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |