
തിരുവനന്തപുരം: ഈ ബഡ്ജറ്റിനെ ജനങ്ങൾ ആരും വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ധനമന്ത്രിയുടെ ബഡ്ജറ്റ് അവതരണത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കെവെയായിരുന്നു സതീശന്റെ പരിഹാസം. 10 വർഷം സമയം ലഭിച്ചിട്ടും ചെയ്യാത്ത കാര്യങ്ങൾ ചെയ്യുമെന്നാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അത് എങ്ങനെ ജനങ്ങൾ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു.
'10 വർഷം പൂർണമായി പരാജയപ്പെട്ട മേഖലകളിൽ മാറ്റം ഉണ്ടാകുമെന്നുള്ള അവകാശവാദമാണ്. അനാവശ്യമായ രാഷ്ട്രീയം കലർത്തി യഥാർത്ഥത്തിൽ ഈ ബഡ്ജറ്റിന്റെ പവിത്രത തന്നെ നഷ്ടപ്പെടുത്തി. തിരഞ്ഞെടുപ്പിന് മുൻപ് ആളുകളെ കബളിപ്പിക്കാനുള്ള പ്രഖ്യാപനമാണിത്. കേരളത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും മോശം പ്ലാൻ എക്‌സ്‌പെന്റീച്ചർ നടത്തിയ ഒരു വർഷമാണ്. അപ്പോൾ പദ്ധതിക്ക് എന്ത് പ്രസക്തി? പദ്ധതി ചെലവ് പരിതാപകരമായ അവസ്ഥയിലാണ്.
ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. 10 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് മാറാൻ പറ്റില്ല. കഴിഞ്ഞ അഞ്ചുമാസമായി ഈ നിയന്ത്രണം നിലവിലുണ്ട്. പണ്ട് ചില സാമ്പത്തികപ്രയാസം വരുമ്പോൾ മാത്രമാണ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. തുടർച്ചയായി 10 ലക്ഷം രൂപയിൽ കൂടുതൽ മാറാൻ കഴിയാത്ത ഒരു ഖജനാവ് വച്ചുകൊണ്ടാണ് ഈ ഗീർവാണ പ്രസംഗം ധനമന്ത്രി നടത്തിയിരിക്കുന്നത്. 'ന്യൂ നോർമൽ' എന്നത് തോന്നിയത് പോലെ ബഡ്ജറ്റിൽ പ്രഖ്യാപിക്കുക അത് നടത്താതെ ഇരിക്കുക എന്നതാണ്. ഇതാണ് ഇപ്പോഴത്തെ കേരളത്തിലെ ന്യു നോർമൽ. കഴിഞ്ഞ 10 മാസമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള ഒന്നാമത്തെ സംസ്ഥാനം കേരളമാണ്. കഴിഞ്ഞ തവണ പ്രഖ്യാപിച്ച പദ്ധതികളിൽ 75ശതമാനവും നടപ്പിലാക്കിയിട്ടില്ല'- വി ഡി സതീശൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |