
മുംബയ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് മനസ് തുറന്ന് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം യുവരാജ് സിംഗ്. സാനിയ മിർസയുടെ പോഡ്കാസ്റ്റിലാണ് താരം തന്റെ കരിയറിലെ അവസാന നാളുകളിലുണ്ടായ അവഗണനകളെക്കുറിച്ചും മാനസിക സമ്മർദ്ദത്തെക്കുറിച്ചും വെളിപ്പെടുത്തിയത്.
'ഞാൻ കളി ആസ്വദിക്കുന്നുണ്ടായിരുന്നില്ല. എന്തിനാണ് ക്രിക്കറ്റ് കളിക്കുന്നതെന്ന് ചിന്തിച്ചു തുടങ്ങിയിരുന്നു. ആവശ്യമായ പിന്തുണയോ അർഹിക്കുന്ന ബഹുമാനമോ ലഭിക്കുന്നില്ലെന്ന് തോന്നി. ഞാൻ എന്നെത്തന്നെ തെളിയിക്കാൻ നിരന്തരം ശ്രമിക്കുന്നത് കളിയിലെ ആവേശം കെടുത്തിക്കളഞ്ഞു.' യുവരാജ് പറഞ്ഞു.
'ക്രിക്കറ്റ് ജീവിതത്തിന്റെ ഭാഗമാണെങ്കിലും കളി വെറുമൊരു ബാധ്യതയായി മാറിയപ്പോൾ കരിയർ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് തോന്നി. വിരമിച്ച നിമിഷം വലിയൊരു ഭാരം ഒഴിഞ്ഞ് പോയ പോലെയാണ് അനുഭവപ്പെട്ടത്' താരം പറഞ്ഞു. സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള മുതിർന്ന താരങ്ങൾ കൂടെയുണ്ടായിരുന്നെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ സമ്മർദ്ദങ്ങളെ പൂർണമായും മനസിലാക്കാൻ തനിക്ക് സമയമെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവതാരം അഭിഷേക് ശർമ്മയെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ചും യുവരാജ് മനസ് തുറന്നു. കരിയറിന്റെ തുടക്കത്തിൽ തനിക്ക് ലഭിക്കാതെ പോയ മാനസിക പിന്തുണയും വ്യക്തതയും അഭിഷേകിന് നൽകാനാണ് ശ്രമിക്കുന്നതെന്നും യുവരാജ് പറയുന്നു. അടുത്ത നാല് വർഷം ഇന്ത്യൻ ടീമിനായി കളിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് താൻ അഭിഷേകിന് മുന്നിൽ വച്ചിട്ടുള്ളത്. ഐപിഎൽ പോലെ ചെറിയ നേട്ടങ്ങൾക്കപ്പുറം രാജ്യത്തിനു വേണ്ടി കളിക്കുന്നതിലായിരിക്കണം ശ്രദ്ധ ചെലുത്തേണ്ടതെന്ന് താൻ അഭിഷേകിനോട് പറഞ്ഞിട്ടുണ്ടെന്നും യുവരാജ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |