SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.50 PM IST

ഭർത്താവ് 'കുരങ്ങ്' എന്നുവിളിച്ച് കളിയാക്കി; മോഡലിംഗ് പ്രിയയായ യുവതി ജീവനൊടുക്കി

Increase Font Size Decrease Font Size Print Page
tannu-singh

ലക്‌നൗ: ഭർത്താവിന്റെ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഇന്ദിരാനഗർ സ്വദേശി രാഹുൽ ശ്രീവാസ്‌തവയുടെ ഭാര്യ തന്നു സിംഗ് ആണ് മരിച്ചത്. തന്നുവിനെ രാഹുൽ 'കുരങ്ങ്' എന്നുവിളിച്ച് കളിയാക്കിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്.

ബുധനാഴ്‌ച വൈകിട്ടായിരുന്നു സംഭവം. സീതാപൂരിലെ ബന്ധുവീട്ടിൽ പോയി മടങ്ങിവന്നതിനുശേഷമാണ് സംഭവം നടന്നതെന്ന് തന്നുവിന്റെ സഹോദരി അഞ്ജലി പറഞ്ഞു. കുടുംബാംഗങ്ങൾ സംസാരിക്കുന്നതിനിടെ രാഹുൽ തന്നുവിനെ 'കുരങ്ങ്' എന്നുവിളിച്ച് കളിയാക്കി. ഇതിനുപിന്നാലെ തന്നു മറ്റൊരു മുറിയിലേയ്ക്ക് പോവുകയായിരുന്നു. ഇതിനിടെ രാഹുൽ ഭക്ഷണം വാങ്ങുന്നതിനായി പുറത്തേയ്ക്ക് പോയി.

വീട്ടിലെത്തിയ രാഹുൽ തന്നുവിനെ വിളിക്കാൻ അഞ്ജലിയോട് ആവശ്യപ്പെട്ടു. അപ്പോഴാണ് മുറി പൂട്ടിയിരുന്നത് ശ്രദ്ധയിൽപ്പെടുന്നത്. ഏറെ തവണ വിളിച്ചിട്ടും മുറി തുറക്കാത്തതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് തന്നു തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.

അഞ്ജലിയുടെ നിലവിളികേട്ടെത്തിയ രാഹുലും അയൽക്കാരും ചേർന്ന് മുറിയുടെ വാതിൽ തകർത്ത് തന്നുവിനെ നിലത്തിറക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും മരണപ്പെട്ടതായി ഡോക്‌ടർമാർ അറിയിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. യുവതിയുടെ മരണത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

നാല് വർഷം മുൻപാണ് തന്നുവും രാഹുലും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. രാഹുൽ ഓട്ടോ ഡ്രൈവറാണ്. തന്നുവിന് മോഡലിംഗിൽ വലിയ താത്‌പര്യമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇരുവർക്കും മക്കളില്ല.

TAGS: NEWS 360, NATIONAL, NATIONAL NEWS, TANNU SINGH, UTTAR PRADESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY