
വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ നാലാം ട്വന്റി-20യിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയ മലയാളി താരം സഞ്ജു സാംസണെ വിമർശിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. ഭേദപ്പെട്ട നിലയിൽ തുടങ്ങിയെങ്കിലും 15പന്തിൽ 24 റൺസെടുത്ത സഞ്ജുവിനെ മിച്ചൽ സാന്റ്നറാണ് പുറത്താക്കിയത്. കഴിഞ്ഞ നാല് മത്സരങ്ങളിലായി വെറും 40 റൺസ് മാത്രമേ സഞ്ജുവിന് നേടാൻ കഴിഞ്ഞിരുന്നുള്ളു. അതേസമയം താരത്തിന്റെ ബാറ്റിംഗിനെ കുറ്റപ്പെടുത്തിയാണ് കമന്ററിയിലൂടെ സുനിൽ ഗവാസ്‌കർ വിമർശിച്ചത്.
'സഞ്ജുവിന്റെ കാലുകൾക്ക് യാതൊരു ചലനവും ഉണ്ടായിരുന്നില്ല. സ്റ്റമ്പുകൾ തുറന്നുകാട്ടി ഓഫ്‌സൈഡിലേക്ക് മാറിക്കളിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഫുട്വർക്കിലെ പിഴവ് ബൗളർക്ക് പന്ത് സ്റ്റമ്പിലേക്ക് എത്തിക്കാൻ എളുപ്പമാക്കി. രണ്ടാം തവണയാണ് സഞ്ജുവിന് ഇതേ അബദ്ധം സംഭവിക്കുന്നത്'. ഗവാസ്‌കർ കമന്ററിയിൽ പറഞ്ഞു.
അതേസമയം, മറ്റന്നാൾ കാര്യവട്ടത്ത് നടക്കാനിരിക്കുന്ന അഞ്ചാം ട്വന്റി-20യിലും സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ടീമിലെ സ്ഥാനം തുലാസിലാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നെറ്റ്സിൽ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നായിരുന്നു പരിശീലകരുടെ വാദം. ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സാഹചര്യത്തിൽ, സഞ്ജുവിന്റെ ലോകകപ്പ് ടീമിലെ സ്ഥാനവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കിവികൾക്കെതിരെ നാലാം ട്വന്റി-20 മത്സരത്തിൽ 50 റൺസിന്റെ കനത്ത തോൽവിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. 216 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 18.4 ഓവറിൽ 165 റൺസിന് പുറത്താകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |