
ന്യൂഡൽഹി: കൊച്ചിയിൽ നടന്ന 'മഹാപഞ്ചായത്ത്' വേദിയിലെ അവഗണനയെച്ചൊല്ലി ഇടഞ്ഞു നിന്ന പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂരുമായി ചർച്ച നടത്തി തർക്കം പരിഹരിച്ച് കോൺഗ്രസ് നേതൃത്വം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഡൽഹിയിൽ നടത്തിയ രണ്ടു മണിക്കൂർ ചർച്ചയിലാണ് മഞ്ഞുരുകിയത്.
നേതാക്കളുമായി ക്രിയായ്‌മക ചർച്ച നടത്തിയെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുമെന്നും ശശി തരൂർ പറഞ്ഞു. 'ഞങ്ങൾ ഒന്നിച്ച് നീങ്ങേണ്ടവരാണ്. അതിൽ കൂടുതൽ എന്താണ് പറയാൻ കഴിയുക'
കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ താത്‌പര്യമില്ലെന്ന് തരൂർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. എം.പി എന്ന നിലയിൽ തിരുവനന്തപുരത്തെ വോട്ടർമാരുടെ വിശ്വാസമാണ് പ്രധാനം.
കൊച്ചിയിലെ പരിപാടിയിൽ നേരിട്ട അവഗണനയോടുള്ള പ്രതിഷേധമെന്നോണം തരൂർ ഡൽഹിയിൽ നടന്ന കേരള നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. കോഴിക്കോട്ടെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനുണ്ടെന്ന് നേരത്തെ അറിയിച്ചെന്നാണ് അന്ന് തരൂർ പറഞ്ഞത്. പക്ഷേ നേതൃത്വവുമായി ചില പ്രശ്നങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം തരൂർ സമ്മതിച്ചു. നേതൃത്വവുമായി ചർച്ച ചെയ്യാൻ താത്പര്യമുണ്ടെന്ന സൂചനയും നൽകി. ഇതേ തുടർന്നാണ് ഇന്നലെ ചർച്ച നടന്നത്..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |