
അടുത്ത സാമ്പത്തിക വർഷം 7.2 ശതമാനം വരെ വളർച്ച നേടും
ന്യൂഡൽഹി: ആഗോള അനിശ്ചിതത്വങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ മറികടന്ന് ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ(ജി.ഡി.പി) അടുത്ത സാമ്പത്തിക വർഷം 6.8 ശതമാനം മുതൽ 7.2 ശതമാനം വരെ വളർച്ചയുണ്ടാകുമെന്ന് സാമ്പത്തിക സർവേ. ഞായറാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്‌ജറ്റിന് മുന്നോടിയായി സർവേ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പാർലമെന്റിൽ സമർപ്പിച്ചു. അമേരിക്കയിലെ അധിക തീരുവ സൃഷ്‌ടിച്ച പ്രതിസന്ധി ആഭ്യന്തര ഉപഭോഗത്തിന്റെ കരുത്തിൽ മറികടക്കാനാകുമെന്ന് സർവേ വിലയിരുത്തുന്നു. ആഗോള മേഖലയിലെ വ്യാപാര തളർച്ചയും ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളും ധനകാര്യ വിപണിയിലെ അനിശ്ചിതത്വങ്ങളും വെല്ലുവിളികളാണെങ്കിലും പ്രതീക്ഷിച്ചതിലും മികച്ച വളർച്ച നേടാനാകുമെന്ന് സർവേ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു. ആഭ്യന്തര വിപണിയുടെ അടിത്തറ ശക്തമാണ്. നടപ്പു സാമ്പത്തിക വർഷം വളർച്ച 7.4 ശതമാനമാകും. കാർഷിക മേഖലയുടെ മികച്ച പ്രകടനം ഗ്രാമീണ ഉപഭോഗം ഉയർത്തിയെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് വി. അനന്ത നാഗേശ്വരൻ തയ്യാറാക്കിയ 799 പേജുള്ള സർവേയിൽ വ്യക്തമാക്കുന്നു.
അനിശ്ചിതത്വങ്ങളിലും തളരാതെ ഇന്ത്യ
ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 25 ശതമാനം പകരത്തീരുവയും 25 ശതമാനം പിഴത്തീരുവയും സൃഷ്‌ടിച്ച കയറ്റുമതി മാന്ദ്യം ആഭ്യന്തര ഉപഭോഗത്തിലെ ഉണർവിലൂടെ മറികടക്കാനായി. ജി.എസ്.ടി പരിഷ്കരണവും ആദായ നികുതി ഇളവും വിപണിയിൽ അധിക പണം ലഭ്യമാക്കിയതോടെ ആഭ്യന്തര ഉപഭോഗം മെച്ചപ്പെട്ടു. നാണയപ്പെരുപ്പം നിയന്ത്രിക്കാനായതും അനുകൂലമായി. ആഭ്യന്തര വിപണി ശക്തമാണെങ്കിലും വൈദേശിക പ്രതിസന്ധികളുടെ പ്രതിഫലനം ദൃശ്യമായേക്കും.
രൂപയ്ക്ക് വെല്ലുവിളി
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന കനത്ത തകർച്ച വിദേശ മൂലധന ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുന്നു. കഴിഞ്ഞ വർഷം രൂപയുടെ പ്രകടനം നിരാശാജനകമായിരുന്നു. ആഗോള വ്യാപാര ക്രമത്തിലുണ്ടാകുന്ന മാറ്റങ്ങളും ആശങ്കയാണ്.
സംസ്ഥാനങ്ങൾക്ക് മൂക്കുകയറിടണം
ജനപ്രിയതയിൽ ഊന്നിയുള്ള പദ്ധതികളുടെ ബാഹുല്യം പല സംസ്ഥാനങ്ങളുടെയും ധന കമ്മി ഉയർത്തുകയാണ്. റെവന്യു കമ്മിയിലെ വർദ്ധനയും നിബന്ധനകളില്ലാതെ നടത്തുന്ന കാഷ് ട്രാൻസ്‌ഫറുകളും ധന സ്ഥിതി പരുങ്ങലിലാക്കുന്നു. ഇതോടെ കടമെടുപ്പ് അവതാളത്തിലാകാനും പലിശ ചെലവ് കൂടാനും കാരണമാകുന്നു.
ആഗോള വ്യാപാര രംഗത്തെ ഇന്ത്യയുടെ വിഹിതം 1.8 ശതമാനമായി ഉയർന്നു
വിദേശ നാണയ ശേഖരം
70,140 കോടി ഡോളർ
സോഷ്യൽ മീഡിയ നിയന്ത്രണം വേണം
ഡിജിറ്റൽ അഡിക്ഷൻ നേരിടാൻ പ്രായം അടിസ്ഥാനമാക്കി സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന സംവിധാനം വേണമെന്ന് സാമ്പത്തിക സർവേ സർക്കാരിനോട് നിർദേശിച്ചു. പ്രായം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം വിവിധ പ്ളാറ്റ്‌ഫോമുകൾക്കുണ്ട്.
കേരളം മികച്ച മാതൃകയെന്ന് സാമ്പത്തിക സർവേ
കൊച്ചി: കേരളത്തിന്റെ ദാരിദ്ര്യ നിർമ്മാർജന പദ്ധതികൾ മാതൃകാപരമാണെന്ന് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ പ്രശംസിച്ചു. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീ പ്രവർത്തകരും ആശാവർക്കർമാരും അടങ്ങുന്ന കൂട്ടായ്മ ഈ രംഗത്ത് മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കേരളത്തെ അതിദാരിദ്ര്യ വിമുക്തമാക്കുന്നതിന് അനുകരണീയമായ പ്രവർത്തനമാണ് സർക്കാർ നടത്തിയത്. കൂട്ടായ ശ്രമത്തോടെ അതിദരിദ്രരെ കണ്ടെത്തി ആധാർ, റേഷൻ കാർഡ്, വോട്ടർ ഐ.ഡി കാർഡ്, ആരോഗ്യ ഇൻഷ്വറൻസ്, സമൂഹിക സുരക്ഷ പെൻഷനുകൾ എന്നിവ ലഭ്യമാക്കിയെന്നും സർവേ വ്യക്തമാക്കി. അതേസമയം ദേശീയ ട്രെൻഡിന് വിഭിന്നമായി കേരളത്തിൽ നാണയപ്പെരുപ്പം ഉയർന്ന തലത്തിൽ തുടർന്നുവെന്ന് സർവേ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ തൊഴിലാളികളുടെ ഉയർന്ന വരുമാനമാണ് നാണയപ്പെരുപ്പം കുറയുന്നതിന് തടസമായതെന്നും റിപ്പോർട്ടിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |