
മെൽബൺ : ഇത്തവണ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ ടോപ്സീഡ് അര്യാന സബലേങ്കയും കസാഖിസ്ഥാൻ താരം എലേന റൈബാക്കിനയും ഏറ്റുമുട്ടും. ഇന്നലെ നടന്ന ആദ്യ സെമിഫൈനലിൽ ബെലറൂസുകാരിയായ സബലേങ്ക ഉക്രേനിയൻ താരവും 12-ാം സീഡുമായ എലിന സ്വിറ്റോളിനയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി. സ്കോർ 6-2,6-3. അഞ്ചാം സീഡായ റൈബാക്കിന ആറാം സീഡായ അമേരിക്കൻ താരം ജെസീക്ക പെഗുലയേയും നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത്. സ്കോർ : 6-3,7-6(9/7)
ലോക ഒന്നാം നമ്പർ താരമായ സബലേങ്കയുടെ തുടർച്ചയായ നാലാമത്തെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലാണിത്. 2023,2024 വർഷങ്ങളിൽ ഇവിടെ കിരീടം നേടിയിരുന്ന സബലേങ്ക 2025ലെ ഫൈനലിൽ അമേരിക്കൻ താരം മാർട്ടിൻ കീസിനോടാണ് തോറ്റത്.77 മിനിട്ടുകൊണ്ടായിരുന്നു സബലേങ്കയുടെ തുടർച്ചയായ നാലാം സെമി വിജയം.
2022ലെ വിംബിൾഡൺ ചാമ്പ്യനാണ് റൈബാക്കിന. 2023 ഓസ്ട്രേലിയൻ ഓപ്പണിന് ശേഷം ആദ്യമായാണ് റൈബാക്കിന ഒരു ഗ്രാൻസ്ളാം ടൂർണമെന്റിന്റെ ഫൈനലിലെത്തുന്നത്.2023ലെ ഫൈനലിൽ റൈബാക്കിനയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് സബലേങ്ക തന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |