
ആശാവർക്കർ,അങ്കണവാടി ജീവനക്കാർ തുടങ്ങിയവർക്കുള്ള ഓണറേറിയം വർദ്ധിപ്പിച്ചതടക്കമുള്ള കാര്യങ്ങൾ നോക്കുമ്പോൾ സാമൂഹ്യപരമായി വിലയിരുത്തുകയാണെങ്കിൽ മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റ് അനുകൂലമാണ്. വിദ്യാഭ്യാസം,ആരോഗ്യം,കൃഷി,സ്ത്രീ സുരക്ഷ,സാമൂഹ്യ സുരക്ഷ എന്നീ മേഖലകളെയും അടിസ്ഥാന വിഭാഗങ്ങളെയും വേണ്ടരീതിയിൽ സ്പർശിക്കുന്ന ബഡ്ജറ്റാണിത്. മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങളുടെയും ബഡ്ജറ്റ് നിർദ്ദേശങ്ങളുടെയും തുടർച്ചയെന്ന നിലയിലാണ് ബാലഗോപാൽ ഓരോ പുതിയ നിർദ്ദേശവും മുന്നോട്ടുവച്ചതെന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്തിന്റെ വികസന സ്വപ്നമായി തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒരു അതിവേഗ റെയിൽ വേണമെന്ന് പറഞ്ഞത് അനുകൂലമായി കണക്കാക്കാം. വിഴിഞ്ഞം മേഖലയിൽ കിൻഫ്രയെക്കൊണ്ട് സ്ഥലമേറ്റെടുപ്പിക്കുന്നതിന് സർക്കാർ ഗ്യാരണ്ടി നിൽക്കുമെന്ന നിർദ്ദേശവും വളരെ സ്വാഗതാർഹമാണ്. വിഴിഞ്ഞത്തിന്റെ പ്രയോജനം നേടിയെടുക്കാൻ തമിഴ്നാട് അതിർത്തിയിൽ 2000ഓളം ഏക്കർ ഏറ്റെടുത്തിട്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.
എന്നാൽ,വലിയ മാറ്റങ്ങളുണ്ടാക്കുന്ന ബഡ്ജറ്റാണിതെന്ന് പറയാനാവില്ല. തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക എൻജിനുകൾ ഉത്തേജിപ്പിക്കുന്നതുമായ നിർദ്ദേശങ്ങളൊന്നും കാണുന്നില്ല. തൊഴിൽതേടി യുവാക്കൾ വിദേശങ്ങളിലേക്ക് കടക്കുന്നത് തടയാനും നിർദ്ദേശങ്ങളൊന്നുമില്ല. എല്ലാ മേഖലകളെയും സ്പർശിച്ചുപോയിട്ടുണ്ടെങ്കിലും ഏതെങ്കിലും രീതിയിലുള്ള കുതിപ്പുണ്ടാക്കുമെന്നില്ല. ഇപ്പോഴുള്ള കാര്യങ്ങൾ അതുപോലെയോ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിലോ നടന്നുപോകും. അടുത്ത 5 വർഷമോ 10 വർഷമോ കഴിയുമ്പോൾ നമ്മുടെ സ്ഥിതി എങ്ങനെയാകുമെന്ന രീതിയിൽ ദീർഘവീക്ഷണത്തോടെയുള്ള നിർദ്ദേശങ്ങളും ഉണ്ടായിട്ടില്ല. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നുമുള്ള നിർദ്ദേശങ്ങളുമില്ല.
(ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒയാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |