
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണൻ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ. ഫെബ്രുവരി നാലിന് നടക്കുന്ന പുസ്‌തക പ്രകാശനച്ചടങ്ങിൽ സംരക്ഷണം തേടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. നിരന്തരം ഭീഷണി സന്ദേശങ്ങൾ എത്തിയതിന് പിന്നാലെയാണ് കുഞ്ഞികൃഷ്‌ണൻ ഹൈക്കോടതിയെ സമീപിച്ചത്.
'നേതൃത്വത്തെ അണികൾ തിരുത്തണം' എന്നാണ് പുസ്‌തകത്തിന്റെ പേര്. 16 അദ്ധ്യായങ്ങളും 96 പേജുമുള്ള പുസ്‌തകത്തിൽ സിപിഎം നേതാക്കളെ അതിരൂക്ഷമായി വിമർശിക്കുന്നുണ്ട്. ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കൾ മാറിയെന്നാണ് പുസ്‌തകത്തിൽ പറയുന്നത്. തീവെട്ടിക്കൊള്ളക്കാരെ സംരക്ഷിക്കാൻ നേതൃത്വം സംഘടനാ തത്വങ്ങൾ നിർലജ്ജം ഉപയോഗിക്കുന്നു. ബൂർഷ്വാ രാഷ്‌ട്രീയ നേതാവിന്റെ ശൈലിയാണ് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനന്റേതെന്നും പുസ്‌തകത്തിലുണ്ട്.
രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ സാമ്പത്തിക ക്രമക്കേടുകളും അതിന്റെ വിശദമായ കണക്കുകളുമാണ് പുസ്‌തകത്തിൽ പ്രധാനമായും ഉള്ളത്. ഇതിനൊപ്പമാണ് പാർട്ടി നേതൃത്വത്തെയും വിമർശിക്കുന്നത്. സിപിഎമ്മിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതാക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചു. ഒരു സാധാരണ തിരഞ്ഞെടുപ്പ് പാർട്ടിയായി സിപിഎം മാറി. നേതാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി. അവരെക്കുറിച്ച് പഠിച്ചാൽ ഒരു പ്രബന്ധം തന്നെ തയ്യാറാക്കാനുണ്ടെന്ന് പുസ്‌തകത്തിൽ പറയുന്നു.
'പാർട്ടി പ്രവർത്തനത്തിന്റെ അന്ത്യം' എന്ന തലക്കെട്ടോടെയാണ് അദ്ധ്യായം തീരുന്നത്. പാർട്ടിക്കകത്തെ തെറ്റുകൾക്കെതിരെയും സമൂഹത്തിലെ അനീതികൾക്കെതിരെയും സധൈര്യം പോരാടിയ സഖാവ് വി എസ് അച്യുതാനന്ദന്റെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുമ്പിൽ പുസ്തകം സമർപ്പിക്കുന്നു എന്നുപറഞ്ഞുകൊണ്ടാണ് അവസാനത്തെ അദ്ധ്യായം അവസാനിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |