
മുംബയ്: വിമാനാപകടത്തിൽ മരണമടഞ്ഞ എൻസിപി നേതാവും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ മകൻ പാർത്ഥ് പവാർ രാജ്യസഭാ എംപിയാകുമെന്ന് റിപ്പോർട്ട്. അജിത്തിന്റെ മരണത്തിന് പിന്നാലെ ഭാര്യ സുനേത്ര മഹാരാഷ്‌ട്രയുടെ ഉപമുഖ്യമന്ത്രിയാകുകയാണ്. ഈ സാഹചര്യത്തിലാണ് പാർഥിനെ രാജ്യസഭയിലെത്തിക്കാൻ എൻസിപി തയ്യാറാക്കുന്നത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാവൽ മണ്ഡലത്തിൽ നിന്ന് പാർഥ് മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ മരിച്ചത്. എൻസിപിയുടെ നിയമസഭാകക്ഷി നേതാവായി ഇന്നുതന്നെ സുനേത്രയെ തിരഞ്ഞെടുക്കുമെന്നും വൈകിട്ട് അഞ്ചുമണിയോടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് വിവരം. നിയമസഭാംഗത്വം നേടുന്നതിന്റെ ഭാഗമായി അജിത് പവാർ എംഎൽഎ ആയിരുന്ന ബാരാമതി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും.
മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ എൻസിപിയുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്നും സൂചനയുണ്ട്. സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനൊപ്പം ദേശീയ പ്രസിഡന്റാക്കണമെന്നും പാർട്ടിയിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |