
മെൽബൺ: ആർത്തലയ്ക്കുന്ന കൊടുങ്കാറ്റ് പോലെ വീശിയടിച്ച ലോക ഒന്നാം നമ്പർ താരം അര്യാന സബലേങ്കയെ ശാന്തമായി സമചിത്തതയോടെ നേരിട്ട് ഓസ്ട്രേലിൻ ഓപ്പൺ ഗ്രാൻസ്ലാം വനിതാ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് കസഖ് സെൻസേഷൻ എലേന റിബക്കീന. മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനാെടുവിലാണ് 26കാരിയായ എലേന കരിയറിലെ കന്നി ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ഉയർത്തിയത്. സ്കോർ: 6-4,4-6,6-4.
2023ലെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ തന്നെ കീഴടക്കി ചാമ്പ്യനായ ബെലറൂസ് സെൻസേഷൻ സബലേങ്കയോടുള്ള മധുരപ്രതികാരം കൂടിയായി എലേനയ്ക്ക് ഈ ഇത്തവണത്തെ കിരീട നേട്ടം. രണ്ട് ഓസ്ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുള്ള സബലേങ്കയ്ക്ക് തുടർച്ചയായ രണ്ടാം തവണയാണ് ഇവിടെ ഫൈനലിൽ കാലിടറുന്നത്.
രണ്ട് മണിക്കൂർ 18 മിനിട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക അഞ്ചാം നമ്പർ താരമായ എലേന സബലേങ്കയുടെ വെല്ലുവിളി മറികടന്നത്. ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കി എലേന ലീഡെടുത്തെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയ സബേലങ്കഅടുത്ത സെറ്റ് 6-4ന് തന്നെ പിടിച്ചെടുത്തു. നിർണായകമായ മൂന്നാം സെറ്റിൽ ആദ്യ 3-0ത്തിന് മുന്നിലെത്തിയ സബലേങ്കയെ അവിശ്വസനീയ തിരിച്ചുവരവ് നടത്തി തുടരെ അഞ്ച് ഗെയിമുകൾ നേടി 6-4ന് മറികടന്ന് എലേന മത്സരം പിടിച്ചെടുക്കുകയായിരുന്നു.
കരിയറിലെ രണ്ടാം ഗ്രാൻസ്ലാം കിരീടം ഉറപ്പിച്ചപ്പോഴും അമിതാഹ്ലാദ പ്രകടനങ്ങളില്ലാതെ വിജയത്തിൽ മതിമറക്കാതിരുന്ന എലേന ടെന്നിസ് കോർട്ടിലെ വേറിട്ട കാഴ്ചയായി.
എലേന റിബാക്കിനയുടെ രണ്ടാം ഗ്രാൻസ്ലാം കിരീട നേട്ടമാണിത്.
ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ കസഖിസ്ഥാൻ താരമാണ് റിബാക്കിന
ആദ്യ ആറ് റാങ്കുകളിലുള്ള മൂന്ന് താരങ്ങളെ കീഴടക്കിയാണ് ഇത്തവണ മെൽബൺ പാർക്കിൽ എലേന ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ടത്. ഇഗ സ്വിയാറ്റക്ക് (രണ്ടാം റാങ്ക്, ക്വാർട്ടർ ),ജെസിക്ക പെഗുല (ആറാം റാങ്ക്,സെമി), അര്യാന സബലേങ്ക ( ഒന്നാം റാങ്ക്, ഫൈനൽ).
തുടർച്ചയായ നാലാം ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ കളിച്ച സബലേങ്കയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ രണ്ട് തവണയും സബലേങ്ക കിരീടം നേടി.
മോസ്‌കോയിൽ ജനിച്ച എലേന ആദ്യം റഷ്യക്കായാണ് കളിച്ചതെങ്കിലും. പിന്നീട് മെച്ചപ്പെട്ട അവസരങ്ങളും സൗകര്യങ്ങളും നൽകിയ കസഖിസ്ഥാനായാണ് 2018 മുതൽ കളിക്കുന്നത്.
ഇന്ന് സ്റ്റാർ വാർ
ഇന്ന് നടക്കുന്ന പുരുഷ സിംഗിൾസ് ഫൈനലിൽ മുൻ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചും ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കാരസും ഏറ്റുമുട്ടും.
10 വട്ടം ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനായിട്ടുള്ള നൊവാക്കിന് കരിയറിൽ 25 ഗ്രാൻസ്ളാം കിരീടങ്ങൾ നേടാനുള്ള അവസരമാണിത്.
മറ്റ് മൂന്ന് ഗ്രാൻസ്ലാമുകളും ഷെൽഫിലുള്ള അൽകാരസ് കരിയറിലെ കന്നി ഓസ്ട്രേലിയൻ ഓപ്പണാണ് ലക്ഷ്യം വയ്‌ക്കുന്നത്.
ലൈവ്
2 pm മുതൽ സോണി ടെൻ ചാനലുകളിലും സോണി ലിവിലും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |