കളമശേരി: കൊച്ചി ക്യാൻസർ സെന്റർ ഫെബ്രുവരി 9ന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. 385 കോടി രൂപ കിഫ്ബി ഫണ്ട് വിനിയോഗിച്ച് പൂർത്തിയാക്കിയ പദ്ധതിയാണിത്. ആശുപത്രി സന്ദർശിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
6.32 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 12.12 ഏക്കറിലായി 4 ബ്ലോക്കുകളിലായി 9 നിലകളിലാണ് സെന്റർ നിർമ്മിച്ചിരിക്കുന്നത്. ഐ.സി.യു ഉൾപ്പെടെ 451 കിടക്കകളുള്ള ആശുപത്രിയിൽ ആദ്യഘട്ടത്തിൽ 100 കിടക്കകളുമായി പ്രവർത്തനം തുടങ്ങും. നിർമ്മിത ബുദ്ധി അധിഷ്ഠിത സ്കാനിംഗ് മെഷീനുകൾ, റേഡിയേഷൻ, എക്സറേ തുടങ്ങിയ ആധുനിക ഉപകരണങ്ങൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.
ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് 159 പുതിയ തസ്തികകൾ സർക്കാർ സൃഷ്ടിച്ചു. ഇതിൽ 91 സ്ഥിരം തസ്തികകളും 68 താത്കാലിക തസ്തികകളുമാണുള്ളത്. നേരത്തെ അനുവദിച്ച 31 ഉൾപ്പെടെ ആകെ 191 തസ്തികകളാണുള്ളത്. 12 ഓപ്പറേഷൻ തിയേറ്ററുകളും 16 ലിഫ്റ്റുകളും സജ്ജീകരിച്ച കെട്ടിടത്തിൽ 550 കാറുകൾക്ക് പാർക്കിംഗ് സൗകര്യമുണ്ട്.
സോളാർ വൈദ്യുതി പൂർണമായും ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യ ഹരിത ആശുപത്രിയാണിത്. ഇതിലൂടെ 34 ശതമാനം വൈദ്യുതി ലാഭിക്കാനും 26 ശതമാനം ജലസംരക്ഷണം ഉറപ്പാക്കാനും സാധിക്കും. സംസ്ഥാനത്ത് ആദ്യമായി എഡ്ജ് സർട്ടിഫിക്കേഷൻ ലഭിച്ച കെട്ടിടമാണ് സി.സി.ആർ.സിയുടേതെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |