
കോട്ടയം : വേനൽ കടുത്തതോടെ കുടിവെള്ളവും ഭക്ഷണവും തേടി വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുന്നത് മലയോര നിവാസികളുടെ ഉറക്കം കെടുത്തുന്നു. കാട്ടാന മുതൽ കാട്ടുപന്നി വരെ ഇക്കൂട്ടത്തിലുണ്ട്. പെരുവന്താനം, കോരുത്തോട്,വണ്ടൻപതാൽ, കണമല, എരുമേലി, പാമ്പാടി, മുക്കൂട്ടുതറ, പൊന്തൻപുഴ, മണിപ്പുഴ, നെടുംകുന്നം, കറുകച്ചാൽ എന്നിവിടങ്ങളിലാണ് ഇവയുടെ ശല്യം രൂക്ഷം. ഏക്കർ കണക്കിന് കൃഷി ഇതിനോടകം നശിപ്പിച്ചു. കാപ്പിക്കുരവും ചക്കയും ഓമക്കയുമെല്ലാം മലയണ്ണാൻ തിന്നുകയാണ്. കുരങ്ങനും കണ്ണിൽക്കണ്ടതെല്ലാം നശിപ്പിക്കുന്നു. ഒപ്പം കുറുനരി ശല്യവും. കാട്ടാനകളെ നിയന്ത്രിക്കാൻ സോളാർ വൈദ്യുതിവേലി, കിടങ്ങുകൾ എന്നിവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനങ്ങളും പാഴ്‌വാക്കായി. ആറുകളിലടക്കം പതിവായി ആനക്കൂട്ടമെത്താറുണ്ടെന്നാണ് പറയുന്നത്. ഇതോടെ കുളിക്കാനും മറ്റും ആറ്റിലിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
വനത്തിനുള്ളിൽ ഭക്ഷ്യവിഭവങ്ങൾക്ക് ക്ഷാമം
വേനൽ ആരംഭിച്ചതോടെ വനത്തിലെ ജലസ്രോതസ്സുകൾ വറ്റിവരണ്ടതാണ് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നതിന് പ്രധാന കാരണം. ആറുകളിലടക്കം കുളിക്കാനും, വസ്ത്രം അലക്കാനും ഭീതിയോടെയാണ് പ്രദേശവാസികൾ പോകുന്നത്.വേനൽ രൂക്ഷമായതോടെ വനത്തിൽ ജലസാന്നിദ്ധ്യം നഷ്ടമായതും ഭക്ഷ്യവിഭവങ്ങൾക്ക് ക്ഷാമം നേരിട്ടതുമാണ് ആനകൾ കൂട്ടത്തോടെ കാട് വിടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. വനത്തിനുള്ളിൽ മൃഗങ്ങൾക്കു ഭക്ഷണവും വെള്ളവും ലഭ്യമാക്കാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കണമെന്നാണ് ആവശ്യം.
കുറുനരിയുടെ ആക്രമണത്തിൽ പരിക്ക്
കുറുനരിയുടെ ആക്രമണത്തിൽ ചാമംപതാൽ വിറകൊടിയനാൽ വീട്ടിൽ ലിബിൻ ജോസഫിന് (28) കടിയേറ്റു. നിരവധി പേർക്കുനേരെ ആക്രമണശ്രമം ഉണ്ടായി. ചാമംപതാൽ, ഇളങ്ങോയി, തൊടുകപ്പാറ, ശാസ്താംകാവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുറുനരിയുടെ ശല്യം രൂക്ഷമാണ്. ശാസ്താംകാവിന് സമീപം ബന്ധുവീട്ടിലെത്തിയ എറണാകുളം സ്വദേശിയെ ആറുമാസം മുൻപ് കുറുനരി കടിച്ചിരുന്നു. പ്രദേശത്തെ റബർത്തോട്ടങ്ങൾ പലതും കാട് കയറിയതോടെയാണ് കാട്ടുപന്നി, കുറുനരി ശല്യം ഏറിയത്.
ഭയന്ന് വിറച്ച് ഇനി എത്രനാൾ
ഭൂരിഭാഗം കർഷകരും കൃഷിയിൽ നിന്ന് പിൻവാങ്ങി
വന്യജീവികളെ ഭയന്ന് പ്രഭാത നടത്തം ഉപേക്ഷിച്ചു
റോഡുകളിൽ കാട്ടുപന്നികൾ നിലയുറപ്പിക്കുന്നു
ഇരുചക്രവാഹനയാത്രക്കാർക്ക് അപകടഭീഷണി
''റോഡുകളിലടക്കം കാട്ടുപന്നികൾ പതിവ് കാഴ്ചയായി. ആളുകളെ ഉപദ്രവിക്കുന്ന രീതിയിലേക്ക് ഇവ മാറിയിരിക്കുകയാണ്. പ്രശ്‌നത്തിന് പരിഹാരം കാണണം.
(കെ.എസ് അഭിജിത്ത് ചാമംപതാൽ സ്വദേശി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |