
ബംഗളൂരു: ഇന്ധന സ്വിച്ച് പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന്റെ സര്‍വീസ് നടത്താനായില്ല. ലണ്ടനിലെ ഹിത്രൂ വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് പറക്കാനൊരുങ്ങിയ വിമാനത്തിലാണ് ഇന്ധന സ്വിച്ചില്‍ തകരാറ് കണ്ടെത്തിയത്. ബോയിംഗ് 787 -8 ഡ്രീംലൈനര്‍ വിമാനത്തിനാണ് തകരാറ് സംഭവിച്ചത്. എഞ്ചിന്റ് സ്റ്റാര്‍ട്ടിംഗ് സമയത്ത് കട്ടോഫിലേക്ക് നീങ്ങിയതോടെയാണ് സര്‍വീസ് ഒഴിവാക്കാന്‍ തീരുമാനമായത്. എയര്‍ ഇന്ത്യയുടെ AI 132 വിമാനത്തിനാണ് തകരാറ് കണ്ടെത്തിയത്.
തകരാറ് കണ്ടെത്തിയതിന് പിന്നാലെ പൈലറ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ടേക്കോഫിന് പിന്നാലെ സമാനമായ തകരാറിനെ തുടര്‍ന്ന് തകര്‍ന്ന് വീണത്. 242 പേരുടെ മരണത്തിന് അന്നത്തെ അപകടം ഇടയാക്കിയിരുന്നു.
ഇന്ധന സ്വിച്ചിന് തകരാറുണ്ടെന്ന പൈലറ്റിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. എയര്‍ ഇന്ത്യയെ സംബന്ധിച്ച് യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് എയര്‍ലൈന്‍ കമ്പനി വക്താവ് അറിയിച്ചു.
ഇന്ധന സ്വിച്ച് തകരാറ് സംബന്ധിച്ച റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ എല്ലാ ഡ്രീംലൈനര്‍ വിമാനങ്ങളിലും പരിശോധന നടത്തിയെന്നും ഒരു പ്രശ്‌നവും കണ്ടെത്തിയില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. അഹമ്മാദാബാദിലേതിന് സമാനമായ തകരാറ് കണ്ടെത്തിയതിനാല്‍ അതീവഗൗരവത്തോടെയാണ് ഡിജിസിഎ ഈ വിഷയത്തെ കാണുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |