
കൊച്ചി: നിർമ്മാണം പൂർണമായി പൂർത്തിയാക്കാതെയും സൗകര്യങ്ങൾ ഒരുക്കാതെയും കൊച്ചി ക്യാൻസർ സെന്റർ ഉദ്ഘാടനം ചെയ്യുന്നത് തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നൂറു രോഗികൾക്കുപോലും ചികിത്സ നൽകാനുള്ള സംവിധാനങ്ങളും സൗകര്യവും ഒരുക്കിയിട്ടില്ല. 370 രോഗികളെ കിടത്തി ചികിത്സിക്കാൻ 1,247 ജീവനക്കാരെ നിയമിക്കണമായിരുന്നു. അധികബാദ്ധ്യതയെന്ന പേരിൽ വെട്ടിക്കുറച്ചു. 159 പേരെയും അധികമായി 14 പേരെയും നിയമിക്കണമെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. നിയമനം നടത്തിയിട്ടില്ല.
നിർമ്മാണം പൂർത്തിയാക്കാതെ തിരഞ്ഞെടുപ്പ് കാലത്ത് ഉദ്ഘാടനം നടത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. ക്യാൻസർ രോഗികൾക്ക് എത്രയോ കാലം മുമ്പേ ചികിത്സ ലഭ്യമാക്കാമായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ശിലയിട്ടതാണ്. നിർമ്മാണം തുടങ്ങിയില്ലെന്ന് ആരോപിച്ച് റീത്ത് വച്ചയാളാണ് പി. രാജീവ്. 10 വർഷം കഴിഞ്ഞിട്ടും മൂന്നു നിലകളിൽ പോലും സൗകര്യങ്ങൾ പൂർത്തീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് നേട്ടമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
മെട്രോ മാൻ ഇ. ശ്രീധരന്റെ സേവനം വിനിയോഗിക്കുന്നതിൽ സി.പി.എമ്മും മന്ത്രി പി. രാജീവും ഇരട്ടത്താപ്പ് കാണിക്കുകയാണ്. ആമവാതം ബാധിച്ച സർക്കാരിന്റെ അമ്മാവൻ സിൻഡ്രോമാണ് രാജീവിനെ ബാധിച്ചത്. സർക്കാരിനെ വിമർശിക്കുന്നവരെ അവഹേളിക്കുന്ന അവസ്ഥയിൽ മന്ത്രി പോയത് ഉചിതമല്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ബോധപൂർവമായ നടപടി അവസാനിപ്പിക്കണമെന്ന് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |