പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ ടി.കെ. കോളനിയും പരിസര പ്രദേശങ്ങളും മാസങ്ങളായി ഭീതിയിലാഴ്ത്തിയിരുന്ന കരടിയെ വനം വകുപ്പ് തൃശൂർ ജില്ലയിലെ പുത്തൂരിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. അമരമ്പലം ആർ.ആർ.ടി ക്യാമ്പിൽ നിന്ന് ഞായറാഴ്ച വൈകിട്ട് 3.30 ഓടെയാണ് കരടിയെ മാറ്റിയത്. ക്യാമ്പിൽ കഴിഞ്ഞ രണ്ട് ദിവസമായി വെറ്റിനറി സർജന്റെ നിരീക്ഷണത്തിലായിരുന്നു കരടി. ടി.കെ. കോളനി ധർമ്മശാസ്താ അയ്യപ്പക്ഷേത്രത്തിൽ സ്ഥാപിച്ച കെണിയിൽ വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് കരടി അകപ്പെട്ടത്. തുടർന്ന് വനംവകുപ്പ് കരടിയെ കൂട് സഹിതം ആർ.ആർ.ടി ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.
ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിരുന്ന നെയ്യ്, എണ്ണ, ശർക്കര തുടങ്ങിയ പൂജാ ദ്രവ്യങ്ങൾ ഭക്ഷിക്കാനും കൃഷിയിടങ്ങളിലെ തേൻപെട്ടികൾ തകർത്തും കരടി വ്യാപക നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. മനുഷ്യജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തെ തുടർന്ന് വനംവകുപ്പ് പ്രദേശത്ത് കെണികളും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. കരടി പിടിയിലായതിന് പിന്നാലെ, കരടിയെ വനപ്രദേശങ്ങളിലേക്ക് വീണ്ടും വിടാതെ മൃഗശാലയിലേക്കോ വന്യജീവി രക്ഷാ കേന്ദ്രത്തിലേക്കോ മാറ്റണമെന്നാവശ്യപ്പെട്ട് അമരമ്പലം പഞ്ചായത്ത് ജനങ്ങൾ വൈൽഡ് ലൈഫ് വാർഡൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, വകുപ്പ് മന്ത്രി എന്നിവർക്കു നിവേദനം നൽകിയിരുന്നു. കഴിഞ്ഞ വർഷം സമാനമായി പിടികൂടിയ കരടി വീണ്ടും ജനവാസ മേഖലകളിലേക്ക് തിരിച്ചെത്തിയ അനുഭവം പരിഗണിച്ചാണ് ഈ ആവശ്യം ശക്തമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |