SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.31 PM IST

മഹാരാജാസ് ഗ്രൗണ്ടിൽ സുരക്ഷാവീഴ്ച ഫ്ലഡ് ലൈറ്റും ട്രാക്ക് ബീഡിംഗും കവർന്നു

Increase Font Size Decrease Font Size Print Page
padam

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വൻ കവർച്ച. 29 സിന്തറ്റിക് ട്രാക്ക് ബീഡിംഗുകളും 29 ഫ്ളഡ് ലൈറ്റുകളും മോഷണം പോയി. രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് നഷ്ടപ്പെട്ടത്. കോളേജ് അധികൃതരുടെ പരാതിയിൽ സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് മാസം മുമ്പായിരുന്നു ആദ്യമോഷണം. അന്ന് ഏതാനും സിന്തറ്റിക് ട്രാക്ക് ബീഡിംഗുകൾ നഷ്ടമായിരുന്നു. കവർച്ച ശ്രദ്ധയിൽപ്പെട്ടെങ്കിലും കോളേജ് അധികൃതർ ഗൗരവമായി എടുത്തിരുന്നില്ല. കഴിഞ്ഞ മാസം 14നും 29നും വീണ്ടും കവർച്ചകൾ നടന്നു. ഇതോടെയാണ് അധികൃതർ പൊലീസിനെ സമീപിച്ചത്. നേരത്തെ ഡർബാർഹാൾ മൈതാനിയിൽ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ലൈറ്റുകളും മോഷണം പോയിരുന്നു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രതികളെ പിടികൂടിയിരുന്നു.

2024ൽ ഗ്രൗണ്ട് നവീകരണം


2024ലെ പ്രഥമ സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി കോടികൾ മുടക്കിയാണ് മഹാരാജാസ് കോളേജ് ഗ്രൗണ്ട് നവീകരിച്ചത്. പുതിയ ഫ്ളഡ് ലൈറ്റുകൾ സ്ഥാപിച്ചപ്പോൾ നീക്കം ചെയ്തവയും കായികമേളയ്ക്ക് ശേഷം ട്രാക്കിൽ നിന്ന് മാറ്റിയ ബീഡിംഗുകളും പ്രധാന വേദിയുടെ മുകളിലാണ് സൂക്ഷിച്ചിരുന്നത്. ഇവയാണ് ആദ്യം മോഷണം പോയത്. 29ന് ട്രാക്കിൽ നിന്ന് ബീഡിംഗുകളും പൊളിച്ചെടുത്ത് കൊണ്ടുപോയി.

കവർച്ചയ്ക്ക് പിന്നിലാര്?

കഴിഞ്ഞ ദിവസമാണ് പരാതി ലഭിച്ചതെന്നും വിശദമായ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. ആക്രി പെറുക്കുന്നവരോ സ്ഥിരം മോഷ്ടാക്കളോ ആയിരിക്കാം കവർച്ചയ്ക്ക് പിന്നിലെന്നാണ് സംശയം. സമീപത്തെ സ്ഥാപനങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

 5 മീറ്റർ
അലുമിനിയം ട്രാക്ക് ബീഡിംഗുകളിൽ ഒന്നിന് അഞ്ച് മീറ്റർ നീളമുണ്ട്. ട്രാക്കിന്റെ ഇടതുവശത്ത് ചുറ്റുമായാണ് ഇവ സ്ഥാപിച്ചിരുന്നത്. പലതും ഇളകിയതോടെ ട്രാക്കിൽ നിന്ന് നീക്കി. മോഷണം പോയ ബീഡിംഗുകൾക്ക് 145 മീറ്റർ നീളം വരും.

മൂന്നിൽ ഒന്ന്


കോളേജ് ഗ്രൗണ്ടിന്റെ സുരക്ഷയ്ക്കായി മൂന്ന് സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നു. ഇതിൽ ഒരാൾ മരിച്ചു, മറ്റൊരാളെ ഒഴിവാക്കി. ഒരു കേസിന്റെ ഭാഗമായാണ് ഇയാളെ നീക്കിയതെന്നാണ് വിവരം. നിലവിൽ ഒരാൾ മാത്രമാണ് സെക്യൂരിറ്റി ജീവനക്കാരനായുള്ളത്. രാവിലെ മുതൽ രാത്രി എട്ടുവരെയാണ് ഇയാളുടെ ഡ്യൂട്ടി സമയം.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY