
തൃശൂർ: എൽ.ഡി.എഫിന്റെ തെക്കൻ മേഖല വികസന മുന്നേറ്റയാത്രയ്ക്ക് ഉജ്ജ്വല തുടക്കം. തൃശൂർ,എറണാകുളം, കൊല്ലം, തിരുവന്തപുരം ജില്ലകളിലൂടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന ജാഥയ്ക്ക് മലയോര മേഖലയായ ചേലക്കരയിൽ നിന്നാണ് തുടക്കം കുറിച്ച്. ഇന്നലെ വൈകീട്ട് ചേലക്കര ബസ് സ്റ്റാൻഡിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. ഒരു മണിക്കൂറിലേറെ നേരം പ്രസംഗിച്ച മുഖ്യമന്ത്രി കഴിഞ്ഞ പത്തു വർഷക്കാലത്തെ എൽ.ഡി.എഫിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിച്ചതിനൊപ്പം കേന്ദ്രസർക്കാർ കേരളത്തോടുകാണിക്കുന്ന അവഗണനയ്‌ക്കെതിരെ ശക്തമായ ഭാഷയിൽ വിമർശനമുയർത്തി.
മായന്നൂർ പുഞ്ചമക്കൾ നാടൻ കലാസമിതിയുടെ ബാൻഡ് മേളവും സംഘടിപ്പിച്ചിരുന്നു. ബാൻഡ് മേളത്തിന് ചുവടുവയ്ക്കുന്ന തെയ്യവും വ്യത്യസ്ത കാഴ്ചയായി. പടയോട്ടം ഫോക്ക് ബാൻഡിന്റെ വിപ്ലവ, നാടൻ ഗാനങ്ങളും ആവേശം പകർന്നു. സി.പി.ഐ ചേലക്കര മണ്ഡലം സെക്രട്ടറി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജാഥാ മാനേജർ എൻ.സ്വരാജ്, സി.എസ്.സുജാത,വി.ടി.ജോസഫ്, കെ.വി.ബാലസുബ്രഹ്ണ്യൻ, ജോർജ് അഗസ്റ്റിൻ, അൻവർ സാദത്ത്, ജോണി ചെറുപറമ്പിൽ,യൂജിൻ മൊറേലി, പി.കെ.രാജൻ മാസ്റ്റർ, എ.ഷാജു, പി.വസന്തം, എൽ.ഡി.എഫ് നേതാക്കളായ കെ.പി.രാജേന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, അഡ്വ.വി.എസ്.സുനിൽ കുമാർ, സി.ആർ.വത്സൻ, കെ.കെ.വത്സരാജ്, കെ.ജി.ശിവാനന്ദൻ, അഡ്വ.സി.ടി.ജോസഫ്, കെ.കെ.വത്സരാജ്, എ.സി.മൊയ്തീൻ എം.എൽ.എ,കെ.എസ്.ഹംസ, പി.കെ.ഷാജൻ,എം.എം.വർഗീസ്, കെ.വി.നഫീസ, യു.പി.ജോസഫ്, പി.കെ.ചന്ദ്രശേഖരൻ,യു.ആർ.പ്രദീപ് എം.എൽ.എ എന്നിവർ പങ്കെടുത്തു.
സ്വീകരണം
തൃശൂർ : ബിനോയ് വിശ്വം നയിക്കുന്ന എൽ.ഡി.എഫ് വികസന സന്ദേശ യാത്രയ്ക്ക് ഇന്ന് വടക്കാഞ്ചേരിയിലും കുന്നംകുളത്തും സ്വീകരണം നൽകും. വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരി ഓട്ടുപാറയിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. വൈകിട്ട് ആറിനാണ് കുന്നംകുളത്ത്് സ്വീകരണം.
കേരളം ലോകരാജ്യങ്ങളെ വിസ്മയിപ്പിക്കുന്ന നാട്: എം.സ്വരാജ്
തൃശൂർ : കേരളം ലോകരാജ്യങ്ങളെ പോലും വിസ്മയിപ്പിക്കുന്ന നാടായി മാറിയെന്ന് എൽ.ഡി.എഫ് തെക്കൻ മേഖലാ ജാഥാ മാനേജർ എം.സ്വരാജ്. ചേലക്കര ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന എൽ.ഡി.എഫ് തെക്കൻ മേഖലാ ജാഥ ഉദ്ഘാടന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവർഷം ഇതര സംസ്ഥാനങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കേരളം സന്ദർശിച്ചത് 2.30 കോടി ആളുകളാണ്. ഭൂപ്രകൃതിയും കാലാവസ്ഥ സവിശേഷതകളും കാണാൻ മാത്രമല്ല അവരെത്തിയത്. ആഗോള വിശപ്പ് സൂചികയിൽ 102ാം സ്ഥാനത്തുള്ള രാജ്യത്തെ സംസ്ഥാനമായ കേരളം എങ്ങനെ വിസ്മയിപ്പിക്കുന്ന വളർച്ചയും മാറ്റങ്ങളും നേടിയെടുത്തെന്ന് അറിയാൻ ഗവേഷക ലക്ഷ്യത്തോടെ വന്നവരാണ് അധികവും.സമ്പൂർണ സാക്ഷരത നേടി. 62ലക്ഷം പേർക്ക് സാമ്പത്തിക സഹായം നൽകി വരുന്നു. 35 കഴിഞ്ഞ വീട്ടമ്മമാർക്ക് പെൻഷൻ പ്രഖ്യാപിച്ചു. സമ്പൂർണ വൈദ്യൂതീകരണം സാധ്യമായി. സമ്പൂർണ വെളിയിട വിസർജന രഹിത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. കഴിഞ്ഞ പത്തുവർഷമായി ഒരു വർഗീയ അസ്വാസ്ഥ്യത്തിൽ ഒരു ജീവൻപോലും കേരളത്തിൽ പൊഴിഞ്ഞിട്ടില്ലെന്നും സ്വരാജ് കൂട്ടിചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |