
ന്യൂഡൽഹി: നിയമങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യ വിടണമെന്ന് വാട്സ്‌ആപ്പിനും മാതൃകമ്പനിയായ മെറ്റയ്‌ക്കും സുപ്രീംകോടതിയുടെ താക്കീത്. വാട്സ്ആപ്പിന്റെ സ്വകാര്യതാനയത്തിലാണ് കോടതിയുടെ അതിരൂക്ഷ വിമർശനം.
വാട്സ്ആപ്പിന്റെ 2021ലെ സ്വകാര്യതാനയത്തിൽ നിയമലംഘനം കണ്ടെത്തി കോംപറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ 213.14 കോടി പിഴയിട്ടിരുന്നു. ഇത് നാഷണൽ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണൽ ശരിവച്ചിരുന്നു.
വാട്സ്ആപ്പ് ഉപയോക്താക്കളുടെ വ്യക്തി വിവരം ഫേസ്ബുക്കുമായി പങ്കിട്ടെന്ന പരാതിയിലായിരുന്നു പിഴ. ഇതിനെതിരെ വാട്സ്ആപ്പും മെറ്റയും സമർപ്പിച്ച അപ്പീലുകളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. ഉപയോക്താക്കളുടെ വ്യക്തിഗത ഡേറ്റ ഷെയർ ചെയ്യാൻ വാട്സ്ആപ്പിനെ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. മെസേജിംഗ്, ആശയവിനിമയ സേവനങ്ങൾക്കാണ് പ്രവർത്തനം അനുവദിച്ചിരിക്കുന്നത്.
ഡേറ്റ ഷെയറിംഗിന്റെ പേരിൽ രാജ്യത്തിന്റെ സ്വകാര്യത എന്ന മൗലികാവകാശം വച്ചു കളിക്കാനാകില്ല. ഭരണഘടനയെ പരിഹസിക്കുകയാണെന്നും കുറ്റപ്പെടുത്തി. സ്വകാര്യത നയം, ഡേറ്റ ഷെയറിംഗ് എന്നിവ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്ന് വാട്സ്ആപ്പിനോട് കോടതി നിർദ്ദേശിച്ചു. കേസിൽ കേന്ദ്രസർക്കാരിനെ കക്ഷി ചേർത്തു. കേന്ദ്രത്തിനും സത്യവാങ്മൂലം സമർപ്പിക്കാം.
വ്യക്തി വിവരം വിൽക്കുന്നതിനൊപ്പം ഉപയോക്താക്കളെ വാണിജ്യപരമായി ചൂഷണം ചെയ്യുകയാണെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ഫെബ്രുവരി ഒമ്പതിന് വീണ്ടും പരിഗണിക്കും.
സ്വകാര്യത ഉറപ്പാക്കാൻ ഓപ്ഷൻ ഇല്ല
സ്വകാര്യതാ നയം സ്വീകരിക്കണമോ വേണ്ടയോ എന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാനുള്ള ഓപ്ഷൻ വാട്സ്ആപ്പ് ലഭ്യമാക്കിയില്ല. 'ഓപ്റ്ര് ഔട്ട്" എന്ന ഓപ്ഷൻ എവിടെയെന്ന് കമ്പനികളുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. സ്വകാര്യ വിവരങ്ങൾ മോഷ്‌ടിക്കാനുള്ള മാന്യമായ മാർഗമാണിതെന്നും കോടതി പരിഹസിച്ചു. ഒന്നുകിൽ വാട്സാപ്പിൽ നിന്ന് പുറത്തുപോകണം. അല്ലെങ്കിൽ ജനങ്ങളുടെ ഡേറ്റ ഷെയർ ചെയ്യുമെന്നതാണ് സാഹചര്യം. ഇത് അംഗീകരിക്കാൻ കഴിയില്ല.
ഉപയോക്താക്കളെ ആപ്പിന് അടിമകളാക്കി. തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമത്തിലെ തമിഴ് മാത്രമറിയാവുന്ന വ്യക്തി, വാട്സ്ആപ്പിന്റെ സ്വകാര്യതാവ്യവസ്ഥകൾ എങ്ങനെ മനസിലാക്കും? അത് ആദ്യം വിശദീകരിക്കൂ. അതിനു ശേഷം മെരിറ്റിൽ വാദം കേൾക്കാം - കോടതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |