SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.47 PM IST

യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്‌ശങ്കർ; പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്തു

Increase Font Size Decrease Font Size Print Page
jaishankar

വാഷിംഗ്ടൺ: വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. ധാതു പര്യവേഷണം,​ ഖനനം,​ ആണവ- പ്രതിരോധം,​ സാങ്കേതികവിദ്യ എന്നിവയിൽ ചർച്ച നടത്തി. ഇരുവരും പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്തു.

കരാർ പ്രകാരം ചില ഇന്ത്യൻ ഉത്പന്നങ്ങളുടെ തീരുവ 18ശതമാനമായി കുറയ്ക്കാൻ യുഎസ് തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ - അമേരിക്ക ബന്ധം ഊർജ്ജിതപ്പെടുത്താനുള്ള നടപടികൾ മുന്നോട്ട് കൊണ്ടുപോകുമെന്നും ഇരുനേതാക്കളും വിശദമാക്കി. മാർക്കോ റൂബിയോ വിളിച്ചു ചേർത്ത ക്രിട്ടിക്കൽ മിനറൽസ് മന്ത്രിതല യോഗത്തിൽ പങ്കെടുക്കാനാണ് ജയ്‌ശങ്കർ യുഎസിലെത്തിയത്. ക്രിട്ടിക്കൽ മിനറൽസ് യോഗത്തിൽ ഇന്ത്യയടക്കം 50 രാജ്യങ്ങൾ പങ്കെടുക്കും. അവശ്യ ധാതു വിതരണ ശൃംഖലയുടെ പ്രതിരോധശേഷി,ശുദ്ധമായ ഊർജ്ജ പരിവർത്തനങ്ങൾ, നിർണായക ധാതുക്കളിലെ തന്ത്രപരമായ സഹകരണം എന്നിവയിൽ യോഗം ശ്രദ്ധ കേന്ദ്രീകരിക്കും.

യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റുമായും എസ് ജയ്‌ശങ്കർ ചർച്ചകൾ നടത്തി. ഇന്ത്യ - യുഎസ് വ്യാപാര കരാറും സാമ്പത്തിക സഹകരണവുമായിരുന്നു ചർച്ചയിലെ പ്രധാന വിഷയം. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് ജയ്‌ശങ്കർ യുഎസിലെത്തിയത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെയാണിത്. മറ്റ് യുഎസ് ഭരണകൂടത്തിലെ മുതിർന്ന അംഗങ്ങളുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ചയുണ്ടായെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

TAGS: NEWS 360, AMERICA, JAISHANKAR, MEET, BRINDA, US
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY