
മോശം ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി കോടതി
ന്യൂഡൽഹി: ജോധ്പൂർ ജയിലിൽ പാർപ്പിച്ചിരിക്കുന്ന ലഡാക്ക് സമരനായകൻ സോനം വാങ്‌ചുക്കിനെ മോചിപ്പിക്കാൻ കഴിയുമോയെന്ന് കേന്ദ്രസർക്കാരിനോട് ആരാഞ്ഞ് സുപ്രീംകോടതി. അദ്ദേഹത്തിന്റെ മോശം ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണിത്. ദേശീയ സുരക്ഷാ നിയമം ചുമത്തി വാങ്‌ചുക്കിനെ കരുതൽ തടങ്കലിലാക്കിയതിനെതിരെ ഭാര്യ ഡോ. ഗീതാജ്ഞലി ജെ. ആംഗ്‌മോ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 2025 സെപ്‌തംബർ മുതൽ വാങ്‌ചുക്ക് ജയിലിലാണ്. ആരോഗ്യസ്ഥിതി നല്ലരീതിയിലല്ല. കരുതൽതടങ്കൽ പുന:പരിശോധിക്കാൻ സാധിക്കുമോയെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. അക്കാര്യത്തിൽ സർക്കാരുമായി ആലോചിച്ച് മറുപടി പറയാമെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് പ്രതികരിച്ചു. വാങ്‌ചുക്ക് നേപ്പാൾ മാതൃകയിൽ ജെൻ സി പ്രക്ഷോഭത്തിന് രാജ്യത്ത് നീക്കം നടത്തിയെന്ന് കേന്ദ്രസർക്കാർ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ലഡാക്കിന്റെ സംസ്ഥാനപദവിക്കായി നടന്ന പ്രക്ഷോഭത്തിനിടെ കഴിഞ്ഞ സെപ്‌തംബർ 24നുണ്ടായ പൊലീസ് വെടിവയ്‌പ്പിൽ നാലു പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ജയിലിലാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |