SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

ശബരിപാത വരും, കിഴക്ക് നാട്ടിൽ വികസന ചൂളംവിളി

Increase Font Size Decrease Font Size Print Page
j

കൊച്ചി: ജില്ലയുടെ കിഴക്കൻ മലയോര, കാർഷിക മേഖലകളുടെ ഗതാഗത, സാമ്പത്തിക വികസനം പ്രതീക്ഷിക്കുന്ന ശബരി റെയിൽപ്പാത നടപ്പാകുമെന്ന് ഉറപ്പായതോടെ ജനങ്ങൾ പ്രതീക്ഷയിലും ആവേശത്തിലും. ജില്ലയിലെ 49 കിലോമീറ്റർ പാതയ്‌ക്ക് സ്ഥലമെടുപ്പിന് മാത്രം 513 കോടി രൂപ ചെലവഴിക്കപ്പെടും. പാതയെ പുനലൂർ, നെടുമങ്ങാട് വഴി വിഴിഞ്ഞത്തേയ്ക്ക് നീട്ടിയാൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാവും.

അങ്കമാലി ടെൽക്കിന് സമീപത്ത് ആരംഭിച്ച് കാലടി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം വഴിയാണ് പാത ഇടുക്കി ജില്ലയിലെ കരിങ്കുന്നത്ത് എത്തുന്നത്. അറുന്നൂറോളം പേരുടെ സ്ഥലം ജില്ലയിൽ മാത്രം ഏറ്റെടുക്കാനുണ്ട്. കാലടി മുതൽ കരിങ്കുന്നം വരെ സ്ഥലം ഏറ്റെടുക്കാൻ 513 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ 39 കിലോമീറ്റർ പ്രദേശം ഏറ്റെടുക്കാൻ മാത്രം 410 കോടി ചെലവാകും.
വ്യവസായ, വാണിജ്യ, കാർഷിക പ്രാധാന്യമുള്ള പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുക. സർക്കാർ നിശ്ചയിച്ച മതിപ്പുവിലയുടെ മൂന്നിരട്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് ലഭിക്കുമെന്നാണ് സൂചനകൾ. ഭൂമിയുടെ വിലയിലുണ്ടാകാവുന്ന വർദ്ധനവ് ഭാവിനേട്ടമാകുമെന്നാണ് പ്രതീക്ഷ.

പണി 8 കിലോമീറ്ററിൽ

1997 -98ലെ റെയിൽവേ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ശബരിപാതയുടെ ഒന്നാംഘട്ടത്തിൽ, എട്ടു കിലോമീറ്റർ ദൂരത്തെ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെ 7 കിലോമീറ്റർ നിർമ്മാണത്തിന്റെ 90 ശതമാനം പൂർത്തിയായിരുന്നു. പിന്നീട് സ്‌തംഭിച്ചു. ബാക്കി ഭൂമി ഏറ്റെടുക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെ കാലാവധി അവസാനിച്ചതിനാൽ ആദ്യഘട്ടം മുതൽ വീണ്ടും നടപടി ആരംഭിക്കും.

അഭിനന്ദിച്ച് സി.പി.എം

മുടങ്ങിക്കിടന്ന ശബരിപാത യാഥാർത്ഥ്യമാക്കുന്ന എൽ.ഡി.എഫ് സർക്കാരിനെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു. രാജ്യത്ത് ആദ്യമായാണ് റെയിൽവേ പദ്ധതിക്ക് സംസ്ഥാന സർക്കാർ തുക കണ്ടെത്തുന്നത്.
കേന്ദ്ര വിഹിതത്തിനായി കാത്തുനിൽക്കാതെ കേരളത്തിന്റെ പുരോഗതി സമയബന്ധിതമായി പൂർത്തീകരിക്കാൻ ഇടപെടുകയാണ് എൽ.ഡി.എഫ് സർക്കാർ. വികസനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് തെളിയിക്കുന്നതാണ് ശബരിപാത നടപ്പാക്കാനുള്ള തീരുമാനം. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ശബരി പാത

അങ്കമാലി എരുമേലി

ജില്ലയിൽ 49 കിലോമീറ്റർ

സ്‌റ്റേഷനുകൾ

കാലടി

പെരുമ്പാവൂർ

ഓടക്കാലി

കോതമംഗലം

മൂവാറ്റുപുഴ

വാഴക്കുളം

TAGS: LOCAL NEWS, ERNAKULAM, SABARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY