വീണ്ടെടുത്തത് 855 നീർച്ചാലുകൾ
കോഴിക്കോട്: തോടുകളും പുഴകളും ഇനി തെളിഞ്ഞൊഴുകും. മാലിന്യ വാഹിയായ ജലസ്രോതസുകളെ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന
'ഇനി ഞാൻ ഒഴുകട്ടെ , തെളിനീരൊഴുകും നവകേരളം' ജനകീയ കാമ്പെയിനുകളിലൂടെ
ജില്ലയിൽ വീണ്ടെടുത്തത് 855 നീർച്ചാലുകൾ. 2712.8 കിലോമീറ്ററാണ് മാലിന്യ മുക്തമാക്കിയത്. 2019 ഡിസംബർ എട്ടിന് ആരംഭിച്ച ഒന്നാംഘട്ട പ്രവർത്തനത്തിൽ 199.64 കിലോമീറ്റർ നീളത്തിൽ 98 നീർച്ചാലുകളും രണ്ടാംഘട്ടത്തിൽ 455.665 കി.മീറ്റർ നീളത്തിൽ 457 നീർച്ചാലുകളും മൂന്നാംഘട്ടത്തിൽ 331.406 കിലോമീറ്റർ നീളത്തിൽ 300 നീർച്ചാലുകളുമാണ് ശുചീകരിച്ചത്. പായൽ, മാലിന്യം, ചെളി എന്നിവ മൂലം സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെട്ട ജില്ലയിലെ മുഴുവൻ നീർച്ചാലുകളും മാലിന്യമുക്തമാക്കി സംരക്ഷിക്കുകയാണ് ലക്ഷ്യം. നീർച്ചാലിലെത്തുന്ന മുഴുവൻ ഓടകളും പരിശോധിച്ച് മലിനജലം ഒഴുക്കുന്നില്ലെന്ന് ഉറപ്പാക്കും. വീണ്ടെടുത്ത ജലസ്രോതസിനെ പ്രയോജനപ്പെടുത്തി പലയിടങ്ങളിലും കൃഷിയും വ്യാപിപ്പിച്ചിട്ടുണ്ട്.
പിഴയിട്ടു 16,09,000
ജലസ്രോതസുകളെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തോടുകളും പുഴകളും മാലിന്യക്കൂമ്പാരമാക്കിയവർക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് എൻഫോഴ്സ്മെന്റ് പിഴയിട്ടത് 16,09,000 രൂപ.309 കേസുകളും രജിസ്റ്റർ ചെയ്തു. ജലസ്രോതസുകളെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനായി 2023ലാണ് സ്ക്വാഡുകൾ പ്രവർത്തനമാരംഭിച്ചത്. നാട്ടുകാരിൽ നിന്നുള്ള വിവരത്തിന്റെയും നേരിട്ടുള്ള പരിശോധനയുടെയും ഭാഗമായാണ് കേസുകൾ എടുത്തത്. വീടുകൾ, സ്ഥാപനങ്ങൾ, ഫ്ലാറ്റുകൾ, ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം ചാക്ക് കണക്കിന് മാലിന്യമാണ് തള്ളുന്നത്.
പിഴ ഇങ്ങനെ
2024-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ആക്ട് സെക്ഷൻ 219 കെ , 2024 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ആക്ട് 337 എന്നിവ പ്രകാരം സിങ്ക്, ചാൽ, തൊഴുത്ത്, ഹോട്ടൽ, റസ്റ്റോറന്റ്, വീട്, വ്യവസായ സ്ഥാപനം , തുടങ്ങിയവയിൽ നിന്നുള്ള മലിനജലം , പൊതു അഴുക്കുചാലുകൾ, റോഡ്, തെരുവ്, പൊതുസ്ഥലം , ജലാശയം എന്നിവിടങ്ങളിലേക്ക് ഒഴുക്കിയാൽ 5000 മുതൽ 50,000 വരെ ചുമത്താം. പൊതു ജലമാർഗത്തിലോ ജലാശയത്തിലോ ജലസ്രോതസിലോ മാലിന്യമോ ചവറോ വിസർജ്യ വസ്തുക്കളോ വലിച്ചെറിയുകയോ തള്ളുകയോ മലിനജലം ഒഴുക്കുകയോ മറ്റേതെങ്കിലും വിധത്തിൽ ജലം മലിനമാക്കുകയോ ചെയ്താൽ 10,000 മുതൽ 50,000 പിഴയും ആറ് മാസത്തിൽ കുറയാതെയും ഒരു വർഷത്തിൽ കൂടാത്തതുമായ തടവും ലഭിക്കും.
'''ശുചീകരിച്ച നീർച്ചാലുകൾ വീണ്ടും മലിനപ്പെടാതിരിക്കാൻ ബോധവത്കരണം നടത്തുന്നുണ്ട്. മലിനമാക്കുന്നവർക്കെതിരെ പിഴയടക്കമുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.'
ഷാജി-ജില്ലാ കോർഡിനേറ്റർ, ഹരിത കേരളം മിഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |