SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.33 PM IST

കാന നിർമ്മിക്കാൻ 2.5 കോടി, കുറുപ്പം റോഡ് കരാറിന് ആളില്ല..!

Increase Font Size Decrease Font Size Print Page
road

  • തയ്യാറാക്കിയത് രണ്ടരക്കോടിയുടെ എസ്റ്റിമേറ്റ്
  • കരാറുകാരുടെ കാലുപിടിച്ച് കോർപറേഷൻ

തൃശൂർ: കുറുപ്പം റോഡ് മുതൽ കൂർക്കഞ്ചേരി വരെയുള്ള കോൺക്രീറ്റ് പാതയ്ക്കരികിൽ കാന നിർമ്മിക്കാൻ രണ്ടരക്കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും കരാർ ഏറ്റെടുക്കാനാളില്ല. കഴിഞ്ഞ പൂരത്തിന് മുൻപേ റോഡ് തുറന്നെങ്കിലും നിർമ്മിക്കാത്തത് മൂലം കാൽനടയാത്രക്കാരും വ്യാപാരികളും കടുത്ത ദുരിതത്തിലാണ്. ഇരുചക്ര വാഹന യാത്രക്കാരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

കാന നിർമ്മാണത്തിനായി ആദ്യം ടെൻഡർ ക്ഷണിച്ചെങ്കിലും ആരും എടുക്കാത്തതിനാൽ രണ്ടരക്കോടിയുടെ റീ ടെൻഡർ ക്ഷണിച്ചു. റീടെൻഡറും ഏറ്റെടുക്കാത്തതിനാൽ കരാറുകാരെ നേരിൽ കണ്ട് ഏറ്റെടുക്കാൻ സമ്മർദ്ദം ചെലുത്തുകയാണ് കോർപറേഷൻ എൻജിനിയറിംഗ് വിഭാഗം. ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരം വരുന്നതാണ് മണികണ്ഠനാൽ കൂർക്കഞ്ചേരി റോഡ്.

നിബന്ധനകൾ ഒട്ടേറെ...

കാന നിർമ്മാണത്തിന് നിബന്ധനകൾ ഒട്ടേറെയുള്ളതിനാലാണ് കരാറുകാർ വരാൻ മടിക്കുന്നതത്രെ. റോഡിന്റെ പ്രതലത്തിനൊപ്പമാകണം കാനയും. കേബിളുകളും പൈപ്പുകളും ഇതുവഴി പോകുന്നതിനാൽ സൂക്ഷ്മതയോടെ നിർമ്മാണം നടത്തേണ്ടിവരും. രണ്ടരക്കോടിയിൽ നിന്നും എസ്റ്റിമേറ്റ് തുക ഉയർത്തണമെങ്കിൽ തദ്ദേശ സ്വയം വകുപ്പിന്റെ അംഗീകാരം വേണം. രണ്ടരക്കോടി വരെയുള്ള പദ്ധതികൾക്ക് മാത്രമേ സൂപ്രണ്ടിംഗ് എൻജിയറിംഗ് വിഭാഗത്തിന് അനുമതി നൽകാനാകൂ.

ഏപ്രിൽ 26ന് തൃശൂർ പൂരത്തിന് മുൻപേ കാന നിർമ്മിക്കണമെന്നാണ് കോർപറേഷൻ അധികൃതരുടെ ആഗ്രഹം. ഇതിനായാണ് എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ടെൻഡർ ഏറ്റെടുക്കാൻ കരാറുകാരിൽ സമ്മർദ്ദം ചെലുത്തുന്നത്. ഇതിനിടെ ഒരു കരാറുകാരൻ തയ്യാറായി വന്ന് സാദ്ധ്യതാ പഠനം നടത്താൻ തയ്യാറായെങ്കിലും വ്യാപാരികളുടെ ചില ആവശ്യങ്ങൾ കേട്ട് പിന്തിരിയാൻ നിൽക്കുകയാണത്രെ.

മഴ വരുന്നേ...

ഏപ്രിൽ 26ന് തൃശൂർ പൂരം കഴിഞ്ഞാൽ കാലവർഷം ഏതുനിമിഷവും പ്രതീക്ഷിക്കാമെന്നതാണ് സ്ഥിതി. മഴയെത്തുതോടെ കുറുപ്പം റോഡിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉൾപ്പെടെ വെള്ളം കയറുമോയെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. കഴിഞ്ഞ വർഷം നിരവധി വീടുകളിൽ വെള്ളം കയറി വൻ നാശനഷ്ടം ഉണ്ടായിരുന്നു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY