SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.05 PM IST

സ്കൂട്ടർ പാർക്ക് ചെയ്തതിൽ തർക്കം : യുവതിയുടെ കൈകൾ അമ്മാവൻ വെട്ടി

Increase Font Size Decrease Font Size Print Page
sindhu

കിളിമാനൂർ: വീടിനു മുന്നിൽ സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു. പോങ്ങനാട് പഴയ ചന്ത തട്ടാക്കുന്നിൽ വീട്ടിൽ സിന്ധുവിന്റെ (43) കൈകളിലാണ് വെട്ടേറ്റത്. ഒളിവിൽപ്പോയ മാതൃസഹോദരൻ മണിക്കുട്ടനുവേണ്ടി (60) പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ആഴത്തിൽ മുറിവേറ്റ്, കൈകളിലെ ഞരമ്പുകൾ അറ്റുപോയ സിന്ധുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നലെ രാവിലെ 6.30ഓടെയാണ് സംഭവം. മകളെ ട്യൂഷനു കൊണ്ടാക്കി തിരിച്ചെത്തിയ സിന്ധു, സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനിടെ മണിക്കുട്ടൻ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സിന്ധുവിനെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മണിക്കുട്ടന്റെ വീടിനു സമീപത്തുകൂടിയാണ് സിന്ധുവിന്റെ വീട്ടിലേക്കുള്ള വഴി. ഈ വഴിയിലാണ് സിന്ധു സ്കൂട്ടർ പാർക്ക് ചെയ്യാറുള്ളത്. സ്കൂട്ടർ നിറുത്തിയിടുന്നത് കാരണം തന്റെ പുരയിടത്തിലേക്ക് പോകാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് മണിക്കുട്ടനും സിന്ധുവും തമ്മിൽ ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. സ്കൂട്ടറിന്റെ കാറ്റഴിച്ചുവിടുമെന്നും സിന്ധുവിന്റെ കൈ വെട്ടുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രദേശവാസികൾ പറയുന്നു.

TAGS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY