
സിലാപത്തർ : കേരളവും സർവീസസും തമ്മിലുള്ള സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ നാളെ ഉച്ചയ്ക്ക് ഒന്നിന് അസാമിൽ നടക്കും. സെമിയിൽ പഞ്ചാബിനെ 4-0ത്തിന് തകർത്താണ് ജി.സഞ്ജു നയിക്കുന്ന കേരളടീം ഫൈനലിലെത്തിയത്. റെയിൽവേയ്‌സിനെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തകർത്താണ് സർവീസസ് കലാശക്കളിക്കെത്തുന്നത്. പ്രാഥമിക റൗണ്ടിൽ കേരളത്തെ തോൽപ്പിച്ച ഏക ടീമാണ് സർവീസസ്. 2012-13 സീസണിൽ കൊച്ചിയിൽ നടന്ന ഫൈനലിൽ കേരളത്തെ തോൽപ്പിച്ച് കിരീടം നേടിയത് സർവീസസാണ്.
ഗ്രൂപ്പ് റൗണ്ടിൽ പഞ്ചാബിനെ 3-1ന് തോൽപ്പിച്ച് തുടങ്ങിയ കേരളം രണ്ടാം മത്സരത്തിൽ 1-1ന് റെയിൽവേയ്സുമായി സമനിലയിൽ പിരിയുകയായിരുന്നു. തുടർന്ന് ഒഡിഷയെ 1-0ത്തിനും മേഘാലയയെ 3-0ത്തിനും കീഴടക്കിയാണ് ഗ്രൂപ്പിൽ ഒന്നാമന്മാരായെങ്കിലും അവസാന മത്സരത്തിൽ സർവീസസിനോട് ഏകപക്ഷീയമായ ഏക ഗോളിന് തോൽക്കുകയായിരുന്നു. ക്വാർട്ടറിൽ അസാമിനെ 3-0ത്തിനും സെമിയിൽ പഞ്ചാബിനെ 4-0ത്തിനും തോൽപ്പിച്ച കേരളം മികച്ച ആത്മവിശ്വാസത്തിലാണ്. അതേസമയം ഗ്രൂപ്പ് റൗണ്ടിൽ കേരളത്തിന് എതിരെ മാത്രം ജയിച്ച സർവീസസ് ക്വാർട്ടറിൽ പശ്ചിമ ബംഗാളിനെയും സെമിയിൽ റെയിൽവേയ്സിനെയുമാണ് തോൽപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |