
തൃശൂർ: ''സന്തോഷം, ആശ്ചര്യം..! ഞാനിവിടെയാണ്, എനിക്കിവിടെയാണ് ജീവിക്കേണ്ടത്.'' അഞ്ച് പതിറ്റാണ്ടിലേറെയായി 'കേരളത്തിന്റെ ദത്തുപുത്രി'യായി ജീവിച്ച പെപിത സേത്തിന് സന്തോഷം അടക്കാനായില്ല. തൃശൂർ കളക്ടറേറ്റിൽ നടന്ന ലളിതമായ ചടങ്ങിൽ കളക്ടർ അർജുൻ പാണ്ഡ്യനിൽ നിന്ന് അവർ ഇന്ത്യൻ പൗരത്വം സ്വീകരിച്ചു, 84ാം വയസിൽ.
2024 ഏപ്രിലിലാണ് പൗരത്വം ലഭിക്കാനായി അപേക്ഷ സമർപ്പിച്ചത്. 1970കളിലാണ്ഇംഗ്ലണ്ടിൽനിന്ന് പെപിത ആദ്യമായി ഇന്ത്യയിലെത്തിയത്. കൊച്ചിയിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിലെത്തി വിസാ കാലാവധി പതിവായി നീട്ടിയെടുക്കുമായിരുന്നു. ഇപ്പോൾ തൃശൂർ നഗരത്തിൽ തന്നെയാണ് താമസം.
ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ച് ഇന്ത്യക്കാരിയായ പെപിത പറയുന്നു: ഇംഗ്ലണ്ടിൽ ഇപ്പോൾ എനിക്കാരുമില്ല, അച്ഛനും അമ്മയും സഹോദരങ്ങളും മരിച്ചു. ഒരു ബന്ധുവേയുള്ളൂ.'
ഗുരുവായൂരപ്പന്റെ ഭക്തയാണ് പെപിത. റിച്ചാർഡ് ആറ്റൻബറോയുടെ 'ഗാന്ധി' എന്ന സിനിമയിൽ നെഹ്‌റുവിനെ അവതരിപ്പിച്ച നടൻ റോഷൻ സേത്തിനെയാണ് വിവാഹം കഴിച്ചത്. വിവാഹബന്ധം വേർപെടുത്തിയെങ്കിലും 'സേത്ത്' പേരിനൊപ്പം കൂട്ടി. മക്കളില്ല. കുടുംബ സുഹൃത്തുക്കളായ വിജയൻ പുന്നത്തൂർ, പ്രിയ എന്നിവർക്കൊപ്പമെത്തിയാണ് പൗരത്വരേഖ സ്വീകരിച്ചത്.
പെപിതയുടെ വഴികൾ
ഹോളിവുഡ്, ബ്രിട്ടീഷ് സംവിധായകർക്കൊപ്പം ഫിലിം എഡിറ്ററായും കണ്ടിന്യൂയിറ്റി സൂപ്പർവൈസറായും പ്രവർത്തിക്കുന്നതിനിടെയാണ് ഇന്ത്യയിലെത്തിയത്. ബ്രിട്ടീഷ് സൈനികനായ മുത്തച്ഛന്റെ കാൽപ്പാടുകൾ തേടിയായിരുന്നു യാത്ര. ആദ്യം കൊൽക്കത്തയിലും പിന്നീട് കേരളത്തിലും. കലകളിലും സംസ്‌കാരത്തിലും ആകൃഷ്ടയായ അവർ 27ാം വയസിൽ കേരളക്കാരിയായി. എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും ക്ഷേത്രാചാരങ്ങളും തെയ്യം ഉൾപ്പെടെയുള്ള കലകളും ലോകത്തിന് മുൻപിലെത്തിച്ചു. 2012ൽ പത്മശ്രീ നേടി. 'ശ്രീഗുരുവായൂരപ്പൻ പുരസ്‌കാരം' നേടിയ വിദേശവനിത കൂടിയാണ്. ആദ്യം ക്ഷേത്രത്തിൽ പ്രവേശന വിലക്കുണ്ടായിരുന്നു. ഹിന്ദുമതം സ്വീകരിച്ചതോടെ ഗുരുവായൂരിൽ പ്രവേശിക്കാനായി. ബി.ബി.സിയിൽ ഉൾപ്പെടെ ഡോക്യുമെന്ററികൾ, ദ ഗാർഡിയൻ, ദ ന്യൂയോർക്ക് ടൈംസ് പത്രങ്ങളിൽ ചിത്രങ്ങൾ എന്നിങ്ങനെ കേരളത്തിന്റെ സാംസ്‌കാരവും കലകളും ലോകത്തിന് മുൻപിൽ എത്തിക്കുന്നതിൽ പെപിതയുടെ പങ്ക് നിസ്തുലമാണ്.
'നാച്വറൽ സിറ്റിസൺഷിപ്പിനാണ് അപേക്ഷിച്ചത്. ഇത് മലയാളത്തിനും അഭിമാന നിമിഷമാണ്.'
അർജുൻ പാണ്ഡ്യൻ
കളക്ടർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |