
പന്തളം: കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിൽ സ്ഥാപിച്ച 15 മീറ്റർ നീളമുള്ള ബ്രൂഡസ് തിമിംഗലത്തിന്റെ അസ്ഥികൂടത്തിന് രൂപം നൽകിയത് സ്‌കൂൾ അദ്ധ്യാപകനും വന്യജീവി ആർട്ടിസ്റ്റും പക്ഷി നിരീക്ഷകനുമായ തുമ്പമൺ വടക്കേക്കര സ്വദേശി ജിജി സാമിന്റെ വീട്ടുമുറ്റത്ത്.
ഒടിഞ്ഞതും പൊട്ടിപ്പോയതുമായ നൂറിലധികം അസ്ഥികൾ കേടുപാട് തീർത്തും നഷ്ടപ്പെട്ട ഭാഗങ്ങൾ ശാസ്ത്രീയമായി പുനർനിർമ്മിച്ചുമാണ് പ്രദർശിപ്പിക്കത്തക്കവിധം തയ്യാറാക്കിയത്. കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് 2023ൽ ചത്തടിഞ്ഞ തിമിംഗലത്തെ സമുദ്ര മത്സ്യഗവേഷണ കേന്ദ്രം ഏറ്റെടുത്ത് കുഴിച്ചിട്ടിരുന്നു. മാംസം ചീഞ്ഞ് മാറിയ ശേഷം 2024ൽ അസ്ഥികൂടം പുറത്തെടുത്തു. എന്നാൽ പല അസ്ഥികളും പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടിരുന്നു.
തുടർന്ന് തിമിംഗല അസ്ഥികൾ ലോറിയിൽ കയറ്റി വീട്ടിലെത്തിച്ചു. വിദേശരാജ്യങ്ങളിൽ നിന്നടക്കം ശാസ്ത്രീയ വിവരങ്ങൾ ശേഖരിച്ച് അഞ്ചുമാസത്തോളമെടുത്താണ് എല്ലുകളുടെ സ്ഥാനങ്ങൾ ക്രമപ്പെടുത്തിയത്. പൂർണമായും നഷ്ടപ്പെട്ട എല്ലുകളുടെ രൂപരേഖ ശാസ്ത്രീയമായി തയ്യാറാക്കി വിവിധതരം വസ്തുക്കൾ ഉപയോഗിച്ച് പുനർനിർമ്മിച്ചു.
അഴിച്ചുമാറ്റി മറ്റൊരു സ്ഥാനത്ത് സ്ഥാപിക്കത്തക്കവിധത്തിൽ ഇരുമ്പ് ചട്ടക്കൂട്ടിലാണ് അസ്ഥികൂടം ഘടിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിൽ പന്തളം ബി.ആർ.സിയിൽ പരിശീലകനും പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയായ 'പത്തനംതിട്ട ബേഡേഴ്‌സ്' പ്രസിഡന്റുമാണ് ജിജി സാം. പന്തളം ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥയായ ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം.
കൈവഴക്കത്തിൽ വന്യജീവികളും
വന്യജീവികളുടെയും പക്ഷികളുടെയും ചെറുശില്പങ്ങളും തയ്യാറാക്കും
ചിത്രരചനയിലും സമർത്ഥൻ
കോന്നി ആനക്കൂട്ടിലെ ആനമ്യൂസിയത്തിലെ ആനപിടുത്തം, തേക്കുവെട്ടൽ, ആനയുടെ പരിണാമം എന്നിവ നിർമ്മിച്ചു
വനംവകുപ്പിന്റെ ഒൻപത് പാരമ്പര്യ കെട്ടിടങ്ങളുടെ ചെറിയ മാതൃകകൾ തയ്യാറാക്കി
ഇവ പ്രദർശിപ്പിച്ചിരിക്കുന്നത് കൊല്ലം വനം കൺസർവേറ്ററുടെ കാര്യാലയത്തിൽ
ബ്രൂഡസ് തിമിംഗലത്തിന്റെ കേരളത്തിലെ ആദ്യത്തെതും രാജ്യത്തെ രണ്ടാമത്തെയും സ്‌പെസിമെനാണ് കൊച്ചിയിൽ സ്ഥാപിച്ചിട്ടുള്ളത്.
ജിജി സാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |