കോഴിക്കോട്: ദിവസവും ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഓട്ടോ കിട്ടാൻ നെട്ടോട്ടം. ഒന്നാം നമ്പർ പ്ളാറ്റ് ഫോമിന് മുന്നിലെ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ പൂട്ടിയതാണ് യാത്രക്കാർക്ക് ദുരിതമായത്. കൗണ്ടറിന് മുൻപിലെത്തുമ്പോഴാണ് രണ്ട് മാസത്തിലധികമായി കൗണ്ടർ പ്രവർത്തിക്കുന്നില്ലെന്ന വിവരമറിയുക. ട്രെയിനുകളെത്തുന്ന സമയം നോക്കി ഓട്ടോകൾ സ്റ്റേഷന്റെ മുറ്റത്തെത്തും. യാത്രക്കാരിൽ ചിലരൊക്കെ വരിനിൽക്കും. മറ്റു ചിലർ വരി തെറ്റിച്ച് ഓട്ടോയിൽ കയറും. ഇതോടെ ബാക്കിയുള്ളവർ ഓട്ടോകൾക്കു പിന്നാലെ പായേണ്ട സ്ഥിതിയാണ്. ഓട്ടോക്കാർ യാത്രക്കാരെ തോന്നുംപടി കയറ്റുന്നതിനാൽ ഏറെ ബുദ്ധിമുട്ടുന്നത് സ്ത്രീകളും കുട്ടികളും വൃദ്ധരുമാണ്. സ്റ്റേഷനിൽ നിർമ്മാണ പ്രവൃത്തി നടക്കുന്നതു മൂലമുള്ള തിക്കും തിരക്കിനും പുറമെയാണ് ഈ യാത്രാദുരിതവും. നാലാം നമ്പർ പ്ളാറ്റ്ഫോമിലെത്തുന്ന യാത്രക്കാർക്കും ദുരിതം തന്നെ. ട്രെയിനുകളെത്തുന്ന സമയത്ത് ഓട്ടോകളും ടാക്സികളും പ്ളാറ്റ് ഫോമിന് പുറത്തെത്തും. വാഹനങ്ങൾ ഒന്നിച്ചെത്തുമ്പോഴുള്ള കുരുക്കും നെട്ടോട്ടവും ഇവിടെയുമുണ്ട്. ഇവിടെ വരി നിന്ന് വാഹനത്തിൽ കയറുകയാണ് പതിവ്. ഒന്നാം നമ്പർ പ്ളാറ്റ് ഫോമിന് മുന്നിലെന്ന പോലെ വരി തെറ്റിക്കുന്ന പതിവ് ഇവിടെ കാണാറില്ല. തിരക്കിനെ തുടർന്ന് ഓട്ടോ പിടിക്കാൻ വലിയങ്ങാടി ഭാഗത്തേക്ക് നടക്കുന്നവർക്കും നിരാശരാകേണ്ടിവരും. കെെകാണിച്ചാലും പല ഓട്ടോറിക്ഷകളും നിറുത്താറില്ല. ചെറിയ ട്രിപ്പുകളോട് പലർക്കും താത്പര്യവുമില്ല. ഒടുവിൽ യാത്രക്കാർക്ക് മെയിൻ റോഡിലേക്കോ തൊട്ടടുത്ത ഓട്ടോ സ്റ്റാൻഡിലേക്കോ നടക്കേണ്ടിവരുന്നു.
പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ തുടങ്ങേണ്ടത് ട്രാഫിക് പൊലീസാണ്. പൂട്ടിക്കിടക്കുന്ന കൗണ്ടർ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ അധികൃതർ ട്രാഫിക് എസ്.പിയോട് അപേക്ഷിച്ചിട്ടുണ്ട്. കൗണ്ടറിൽ ജീവനക്കാരെ നിയമിക്കേണ്ടതും അവരാണ്. സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് ചെയ്യാറുള്ളത്.
ഓട്ടോ പാർക്കിംഗിന് സ്ഥലമില്ലാത്തതിനെ തുടർന്ന് ഏറ്റവുമധികം യാത്രക്കാരെത്തുന്ന മാനാഞ്ചിറയിലും യാത്രക്കാർക്ക് ദുരിതം. ലെെബ്രറിക്ക് മുൻപിൽ നിറുത്തിയിടുന്ന ഓട്ടോറിക്ഷകൾ സ്ഥലമില്ലാതെ ബഷീർ റോഡിൽ നിറുത്തുന്നു. മുമ്പിലുള്ള ഓട്ടോകൾ ട്രിപ്പ് പോയ ശേഷമാണ് ഇവ വരിയിലെത്തുക. അതുവരെ റോഡിലാണ് പാർക്കിംഗ്. വശത്ത് ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യുന്നു. ഇതെല്ലാം ഗതാഗത കുരുക്കുണ്ടാക്കുന്നു. ഞായറാഴ്ച ഉൾപ്പെടെ അവധി ദിവസങ്ങളിലാണ് കൂടുതൽ പ്രശ്നം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |