SignIn
Kerala Kaumudi Online
Thursday, 19 February 2026 12.11 AM IST

ഇടമുറി റബർ ബോർഡ് പരീക്ഷണത്തോട്ടം കാടായി,​ തമ്പടിച്ച് വന്യമൃഗങ്ങൾ

Increase Font Size Decrease Font Size Print Page
rubber-

റാന്നി: ഇടമുറിയിലെ റബർ ബോർഡ് പരീക്ഷണത്തോട്ടം അവഗണനയെ തുടർന്ന് കാടുകയറി. ഇഴജന്തുക്കളും വന്യമൃഗങ്ങളും കാട് കീഴടക്കിയതോടെ പ്രദേശവാസികളുടെ ജീവന് ഭീഷണിയായി. വർഷങ്ങളായി കൃത്യമായ പരിപാലനമില്ലാതെ കിടക്കുന്ന ഏക്കർ കണക്കിന് ഭൂമിയാണ് ഇപ്പോൾ ജനങ്ങളെ ഭയപ്പെടുത്തുന്നത്.

തോട്ടം കാടുമൂടിക്കിടക്കുന്നതിനാൽ പകൽസമയത്തുപോലും വന്യമൃഗങ്ങൾ ഇതിനുള്ളിൽ മറഞ്ഞിരിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. സന്ധ്യ കഴിഞ്ഞാൽ തോട്ടത്തിന് സമീപത്തെ റോഡിലൂടെ കാൽനടയാത്ര പോലും അസാദ്ധ്യമാണ്. സമീപ പ്രദേശങ്ങളിൽ കൃഷിനാശവും ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചു.

തോട്ടത്തിൽ തമ്പടിക്കുന്ന കാട്ടുപന്നികൾ രാത്രികാലങ്ങളിലാണ് കൂട്ടത്തോടെ കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങുന്നത്. വാഴയും മരച്ചീനിയും മറ്റ് കരകൃഷികളും വ്യാപകമായി നശിപ്പിക്കുകയാണ്. ഇഴജന്തുക്കൾ സമീപത്തെ വീടുകളിലേക്ക് കയറുന്നതും ഭീതി ഇരട്ടിപ്പിച്ചിട്ടുണ്ട്. അധികൃതരുടെ ഭാഗത്തുനിന്ന് അവഗണന തുടർന്നാൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

പുലിപ്പേടിയിൽ ജനം
അടുത്തിടെ പ്രദേശത്ത് പുലിയെ കണ്ടതായുള്ള വാർത്തകളും പരന്നിരുന്നു. ഇടമുറി മാടത്തരുവി ഭാഗത്താണ് പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളികൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് പുലർച്ചെ റബർ ബോർഡിന്റെ തോട്ടത്തിൽ ടാപ്പിംഗിനെത്തിയ തൊഴിലാളി പുലിയെ നേരിൽ കണ്ടതായി അറിയിച്ചത്. ഇതിന് ഏതാനും ദിവസം മുമ്പ് ഇടമുറി സ്‌കൂളിന് സമീപത്തും പുലിയെ കണ്ടതായി സൂചനകളുണ്ടായിരുന്നു. എന്നാൽ വേനൽ ശക്തമായതിനാൽ കാൽപ്പാടുകളോ മറ്റ് സൂചനകളോ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ല.

ജാഗ്രതയോടെ വനംവകുപ്പ്

 കരികുളം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ റബർ തോട്ടത്തിലും സമീപത്തെ പുരയിടങ്ങളിലും പരിശോധന നടത്തി

 പ്രദേശത്ത് വനംവകുപ്പിന്റെ രാത്രികാല പട്രോളിംഗ്

 തുടർച്ചയായി വിവിധയിടങ്ങളിൽ പുലിയെ കണ്ടതായുള്ള റിപ്പോർട്ടിന്റെ സാഹചര്യത്തിൽ ജാഗ്രത പാലിക്കണം

 റബർ തോട്ടങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കാൻ റബർ ബോർഡിനും വസ്തുഉടമകൾക്കും വനംവകുപ്പ് നിർദേശം നൽകി

 ഇതുവരെ കാട് നീക്കം ചെയ്യാൻ നടപടിയില്ല
 ജനങ്ങൾ ഭീതിയോടെ പുറത്തിറങ്ങാൻ ഭയപ്പെടുന്നു

റബർ ബോർഡ് അധികൃതരെ പലതവണ പരാതി അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ തയ്യാറാകണം.


പ്രസന്നൻ, പ്രദേശവാസി

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY