
തുറവൂർ : തീരദേശപാതയിൽ നാലുകുളങ്ങര ലെവൽ ക്രോസിൽ കഴിഞ്ഞമാസം അവസാനത്തോടെ ആരംഭിച്ച അറ്റകുറ്റപ്പണി ഇതുവരെ പൂർത്തിയാകാത്തതിനെ തുടർന്ന് വാഹനയാത്രക്കാർ ദുരിതത്തിൽ. പത്ത് ദിവസത്തോളമായി ഗേറ്റ് അടഞ്ഞുകിടക്കുകയാണ്.
അറ്റകുറ്റപ്പണിക്കായി ജനുവരി 31ന് രാവിലെ 7ന് ഗേറ്റ് അടച്ച് ഫെബ്രുവരി 4ന് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നായിരുന്നു റെയിൽവേയുടെ അറിയിപ്പ്. പഴയ പാളങ്ങൾ മാറ്റി പുതിയ പാളങ്ങൾ സ്ഥാപിക്കുന്ന ജോലിയാണ് ഇവിടെ നടത്തുന്നത്. എന്നാൽ പാളം മാറ്റൽ ആരംഭിച്ചെങ്കിലും പിന്നീട് പണി നിർത്തിയയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. പണികൾ വേഗത്തിലാക്കി ബുധനാഴ്ചയ്ക്കുള്ളിൽ ഗേറ്റ് തുറക്കാൻ ശ്രമിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ഇതിന് മുമ്പ് തുറവൂർ റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്തെ ഗേറ്റും അറ്റകുറ്റപ്പണികൾക്കായി 10 ദിവസം അടഞ്ഞുകിടന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. നിലവിൽ നാലുകുളങ്ങര–പാട്ടുകുളങ്ങര റൂട്ടിൽ ഗതാഗതം നിലച്ചിരിക്കുകയാണ്. പാളത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ജനങ്ങൾ നാലുകുളങ്ങര ഗേറ്റ് വഴിയാണ് ദേശീയപാതയിൽ എത്തി കുത്തിത്തോട് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പാട്ടുകുളങ്ങര ക്ഷേത്രം, സബ് ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ്, കുത്തിത്തോട് ചന്ത, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിരുന്നത്.
വാഹനയാത്രക്കാർക്ക് ദുരിതം
ഗേറ്റ് അടഞ്ഞതോടെ ചാവടി–തിരുമല ഭാഗം വഴി കിലോമീറ്ററുകൾ ചുറ്റി തുറവൂർ ലെവൽ ക്രോസ് വഴിയാണ് ദേശീയപാതയിൽ എത്തുന്നത്
ചുറ്റിക്കറങ്ങി പോകേണ്ടി വരുന്നത് ഇത് സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു
അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ വളരെയേറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്
അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കി ഗേറ്റ് തുറക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം
തികഞ്ഞ അവഗണനയാണ് റെയിൽവേ കാട്ടുന്നത് . ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ കിലോമീറ്ററോളം ചുറ്റിക്കറങ്ങി പോകേണ്ടി വരുന്നു
- പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |