വാഷിംഗ്ടൺ : സിറിയൻ പട്ടണമായ കൊബാനിയിൽ തുർക്കി സൈനികർ യു.എസ് സൈനികർക്ക് നേരെ വെടിയുതിർത്തതായി പെന്റഗൺ പറഞ്ഞു. ഈ ആക്രമണത്തിൽ യു.എസ് സൈനികർക്ക് പരിക്കേറ്റിട്ടില്ല. എന്നാൽ യു.എസ് സൈനികർക്ക് നേരെ തുർക്കി സൈനികർ വെടിയുതിർത്തു എന്ന വാർത്ത തെറ്റാണെന്ന് തുർക്കി പ്രസിഡന്റ് റിസപ്പ് തയ്യിപ്പ് എർദോഗൻ പറഞ്ഞു. ഇതിനിടെ തുർക്കിയും സിറിയയിലെ കുർദ് പോരാളികളും തമ്മിലുള്ള സംഘർഷത്തിൽ അമേരിക്കയ്ക്ക് ഇടപെടാൻ ആകില്ലെന്ന് പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൈകഴുകി. തുർക്കി, സിറിയ എന്നീ രാജ്യങ്ങൾ തമ്മിൽ നടക്കുന്ന ആക്രമണത്തിൽ യു.എസിന് യാതൊരു കാര്യവുമില്ലെന്നാണ് ട്രംപ് പറഞ്ഞത്.
ഈ പ്രശ്നനത്തിൽ റഷ്യ ഇടപെടുന്നുണ്ടെങ്കിലും അതവരുടെ തന്നെ കാര്യമാണെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. കുർദിഷ് സേനയെ ലക്ഷ്യമിട്ട് തുർക്കി തുടങ്ങിയ ആക്രമണം ഇപ്പോൾ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. ഐസിസിനെതിരായുള്ള പോരാട്ടത്തിൽ തങ്ങളെ സഹായിച്ച കുർദ്ദ് എസ്.ഡി.എഫ് സൈനികരെ തുർക്കിക്ക് മുൻപിൽ ഒറ്റക്കാക്കികൊണ്ട് അമേരിക്ക തങ്ങളുടെ സൈനികരെ തിരിച്ചുവിളിച്ചതാണ് സംഘർഷത്തിന് വഴി തെളിച്ചത്. കുർദ്ദ് എസ്.ഡി.എഫ് മാലാഖമാരൊന്നുമല്ലെന്നാണ് ട്രംപ് ഈ തീരുമാനത്തെ കുറിച്ച് പറഞ്ഞത്. കുർദ്ദ് എസ്.ഡി.എഫിനെ ഭീകരായാണ് തുർക്കി കാണുന്നത്.
അതേസമയം, തുർക്കിയിലെ ഇൻസിറിലിക് വ്യോമത്താവളത്തിൽ അമേരിക്ക സൂക്ഷിച്ചിട്ടുള്ള 50 അണുബോംബുകളുടെ സുരക്ഷയിൽ ആശങ്ക. ശീതയുദ്ധകാലത്തെ ബി 61 ഇനത്തിൽപ്പെട്ട ബോബുകളാണിവ. സിറിയൻ അതിർത്തിയിൽനിന്ന് 250 മൈൽവരെ അകലത്തിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. വടക്കൻ സിറിയയിൽ കുർദുകൾക്ക് എതിരേ തുർക്കി ആക്രമണം ആരംഭിച്ച സാഹചര്യത്തിൽ ഈ അണുബോംബുകൾ മറ്റെവിടേക്കെങ്കിലും മാറ്റുന്നതിനെക്കുറിച്ച് ആലോചന ആരംഭിച്ചെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ഇപ്പോൾ ഈ ബോംബുകളെ എർദോഗൻ ബന്ദിയാക്കിയിരിക്കുകയാണെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |