SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.47 PM IST

അമ്പലപ്പുഴ പള്ളി​പ്പാന, ദർശന സായൂജ്യമായി​ ഇടുപണ ബലി ചടങ്ങ്

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ : പള്ളിപ്പാനയുടെ സായൂജ്യമായി മൂന്നാംദിനമായ ഇന്നലെ ഇടുപണ ബലി ചടങ്ങ് നടന്നു. പള്ളിപ്പന്തലിനു മുൻവശം പകുതിക്ക് തെക്കുഭാഗത്തായി അഞ്ചടി നീളത്തിലും മൂന്നടി വീതിയിലും ഒന്നേകാൽ അടി താഴ്ചയിലും കുഴി നിർമ്മിച്ച് ആരോഗദൃഡഗാത്രനായ വാണാൽ കോഴിയെ ഇടുപണ സങ്കല്പത്തിൽ നിക്ഷേപിച്ച് കുഴി തേക്കിൻപലക വച്ച് അടച്ച് അതിനു മുകളിൽ ഭീഷ്മ ശരശയനം നടത്തുന്ന ചടങ്ങാണിത്. പള്ളിപ്പാന ചടങ്ങുകളുടെ സമാപന ദിവസം കോഴി ജീവനോടെ ഉണ്ടാകും എന്നതാണ് വിശ്വാസം. കോഴിയെ കുഴിയിൽ ഇറക്കിയതും ഭീഷ്മരൂപ പ്രതിഷ്ഠയും ഭക്തർക്ക് വേറിട്ട കാഴ്ചയായി.

കോഴിയെ ഇറക്കിയ ശേഷം കുഴിക്ക് മുകളിൽ വച്ച പലകയിൽ ചടങ്ങിന്റെ മുഖ്യ കർമ്മി ചെമ്പകശ്ശേരി കൂത്താടി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഭീഷ്മരൂപം നിർമ്മിച്ചു. സപ്ത നദികളിൽ നിന്ന് ശേഖരിച്ച ജലവും മണ്ണും ചെളിയും ചിതൽപ്പുറ്റും ചേർത്ത് കുഴച്ചാണ് ഭീഷ്മരൂപം നിർമ്മിച്ചത്. തുടർന്ന് വാഴപ്പോളയിൽ ഭീഷമർക്ക് ശരശയ്യ ഒരുക്കി. ചെമ്പകശ്ശേരി തച്ചൻ വെട്ടിയതിനകം വാസുദേവൻ ആശാരിയും സംഘവും ചേർന്ന് തടിയിൽ ഭീഷ്മരുടെ ആയുധങ്ങളും ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ രൂപങ്ങളും പ്രതിമകളും നിർമ്മിച്ച് ഭീഷ്മരൂപത്തിനു ചുറ്റും പ്രതിഷ്ഠിച്ചു.

ഭീഷ്മരൂപത്തിന് നാലുവശവും കുലവാഴകൾ നാട്ടി പോളപ്പതങ്ങൾ നിരത്തി അറുപത്തിനാല് കളങ്ങൾ നിർമ്മിച്ച് ആരതി ഉഴിഞ്ഞു. ആകാശഗംഗയിലെ ജലം ഭീഷ്മർക്ക് നൽകുന്നു എന്ന സങ്കല്പത്തിൽ ഭീഷ്മ രൂപത്തിന് മുകളിലായി ജലം നിറച്ച കലശക്കുടം പള്ളിപ്പന്തലിൽ കെട്ടിത്തൂക്കി. കുടത്തിന്റെ വായ് ഭാഗം മൂടിക്കെട്ടിയ ശേഷം ചെറിയ സുഷിരത്തിലൂടെ നൂൽ ബന്ധിച്ച് ഭീഷ്മ രൂപത്തിന്റെ വായ് ഭാഗത്തേക്ക് ചേർത്തു. ഭീഷ്മരൂപത്തിന് ചൈതന്യം പകരുന്ന സങ്കല്പത്തിൽ മേൽശാന്തി മന്ത്രങ്ങൾ ഉരുവിട്ട് പൂജകൾ നടത്തി. തുടർന്ന് ഇഞ്ചവേര്, പനവേര്, മുളപേര്, നാരകത്തിന്റെ വേര് എന്നിവയും നെയ്യ്, വെളിച്ചെണ്ണ, നല്ലെണ്ണയും ചേർത്ത് തയ്യാറാക്കിയ മൂന്നെണ്ണയും കൂട്ടി കൂത്താടികൾ ഭീഷ്മരൂപത്തിന് സമീപം ഹോമം നടത്തി. തുടർന്ന് ഭീഷ്മരൂപത്തിന് സമീപം പറകൊട്ടി ഭാരതം കഥ പാടി ഓത്തും നടന്നു. ഓത്ത് പൂർത്തിയായ ശേഷം ദേവചൈതന്യം ആവാഹിച്ച കോയ്മ വടി പള്ളിപ്പന്തലിൽ നിന്നും തിരിച്ചെഴുന്നള്ളിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുള്ള മുറിയിൽ സൂക്ഷിച്ച ശേഷം കുടിലുകളിൽ മുറോത്ത് ആരംഭിച്ചു. കോഴിയെ കുഴിച്ചിടുന്നതും ഭീഷ്മശരശയനവും ദർശിക്കുന്നതിന് വൻഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.

ഇന്ന് തട്ടുബലി​

നാലാം ദിനമായ ഇന്ന് ഓത്തും മുറോത്തും കഴിഞ്ഞ ശേഷം തട്ടുബലി നടക്കും. ആകാശസഞ്ചാരികളായ യക്ഷ, ഗന്ധർവ്വ കിന്നര ദേവതകളുടെ പ്രീതിക്കായാണ് തട്ടു ബലി നടത്തുന്നത്. ആറു കുടിലുകളുടെ മുന്നിലായി 24 അടയ്ക്കാമരങ്ങൾ കുഴിച്ചിട്ട് അതിന്റെ മുകളിൽ പലക കൊണ്ട് തട്ടുണ്ടാക്കി അതിന് മുകളിൽ നിന്നാണ് കൂത്താടി കൾ പൂജ നടത്തുന്നത്.

TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY