
തൃപ്പൂണിത്തുറ: എരൂരിൽ ലോറി ഡ്രൈവർക്ക് നേരെ തെരുവ് നായകളുടെ ആക്രമണം. അടിമാലി സ്വദേശി പോൾസണെയാണ് ഇന്നലെ രാവിലെ തെരുവ് നായ്ക്കൾ കൂട്ടമായി ആക്രമിച്ചത്. അടിമാലിയിൽ നിന്ന് പന്തൽ പണിക്കുള്ള സാധനങ്ങളുമായി എരൂരിൽ എത്തി അവിടുത്തെ വെയർഹൗസിൽ ലോറി പാർക്ക് ചെയ്തപ്പോഴായിരുന്നു സംഭവം. ലോറിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന പോൾസൺ ലോറിക്കടിയിൽ നായ്ക്കളുടെ കുര കേട്ട് അവയെ ഓടിക്കാൻ എത്തിയപ്പോഴാണ് നായകൾ സംഘം ചേർന്ന് ആക്രമിച്ചത്.
ആറ് നായകൾ ഒന്നിച്ച് ആക്രമിക്കുകയായിരുന്നു. മുഖത്തും കൈയ്യിലുമടക്കം പോൾസന്റെ ശരീരം മുഴുവൻ നായ്ക്കൾ ആക്രമിച്ചു. നായകളുടെ കടി കൊണ്ട് ഓടിയ പോൾസണെ നാട്ടുകാർ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം അടിമാലിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരമായ മുറിവാണ് ഏറ്റിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഉദയംപേരൂരിൽ ഏഴുപേരെ തെരുവുനായ ആക്രമിച്ചിരുന്നു. ആ നായ പേവിഷ ബാധ ഏറ്റു ചത്തിരുന്നു. ആ ആക്രമണത്തിന്റെ ഭീതി മാറും മുമ്പാണ് മറ്റൊരു തെരുവുനായ ആക്രമണം കൂടി ഉണ്ടായിരിക്കുന്നത്.
എരൂരിൽ തെരുവ് നായ ശല്യം രൂക്ഷം
എരൂരിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. വിദ്യാർത്ഥികളെയും വയോജനങ്ങളെയും ഉൾപ്പെടെ ആക്രമിക്കുകയും റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയാണ്. തെരുവ് നായ്ക്കളെ അമർച്ച ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടും അധികൃതർ കണ്ട ഭാവം നടിക്കാറില്ല. ഹോട്ടൽ, കോഴിക്കട എന്നിവയുടെ പരിസരങ്ങളിലായി തമ്പടിക്കുന്ന ഇവറ്റകൾ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലാണ് ഇപ്പോൾ താവളം ആക്കിയിരിക്കുന്നത്. ഇരുട്ട് വീഴുന്നതോടെ നായ്ക്കൾ ഇരുചക്രവാഹന യാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |