
ഇസ്‌ലാമാബാദ്: യുഎസ് തങ്ങളെ ഉപയോഗിച്ചതിനുശേഷം ടോയ്‌ലറ്റ് പേപ്പർപോലെ വലിച്ചെറിഞ്ഞുവെന്ന് പാകിസ്ഥാൻ. നയതന്ത്ര താത്‌പര്യങ്ങൾക്കായി ഉപയോഗിച്ചതിനുശേഷം ആവശ്യം കഴിഞ്ഞപ്പോൾ യുഎസ് വലിച്ചെറിഞ്ഞുവെന്നാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പാകിസ്ഥാൻ ദേശീയ അസംബ്ളിയിൽ സംസാരിക്കവേ ആരോപിച്ചത്. മുൻകാല ഏകാധിപതികളുടെ തെറ്റെന്നുപറഞ്ഞ് പാകിസ്ഥാൻ തങ്ങളുടെ തീവ്രവാദ ചരിത്രം പലപ്പോഴും നിഷേധിക്കാറുണ്ടെന്നും ആസിഫ് സമ്മതിച്ചു. രണ്ട് അഫ്‌ഗാൻ യുദ്ധങ്ങളിലെ പാകിസ്ഥാന്റെ ഇടപെടൽ തെറ്റായിരുന്നുവെന്നും പാക് പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.
'1999നുശേഷമുള്ള യുഎസ് ബന്ധം രാജ്യത്ത് വലിയ തകരാറുകളുണ്ടാകുന്നതിന് കാരണമായി. പ്രത്യേകിച്ചും 2001 സെപ്‌തംബർ 11നുശേഷം യുഎസുമായുണ്ടായ പുനഃസംഘടന വിനാശകരമായിരുന്നു. ടോയ്ലറ്റ് പേപ്പറിനേക്കാൾ മോശമായാണ് യുഎസ് പാകിസ്ഥാനെ കണ്ടത്. ആവശ്യത്തിനുപയോഗിച്ചതിനുശേഷം വലിച്ചെറിഞ്ഞു.
2001ന് ശേഷം യുഎസ് നയിച്ച അഫ്ഗാൻ യുദ്ധത്തിൽ പാകിസ്ഥാൻ വീണ്ടും യുഎസുമായി സഖ്യത്തിലേർപ്പെട്ടു. ഇതോടെ താലിബാനുമായി ശത്രുതയിലായി. അമേരിക്ക ഒടുവിൽ ഈ മേഖലയിൽ നിന്ന് പിന്മാറിയെങ്കിലും ദീർഘകാല അക്രമം, തീവ്രവാദം, സാമ്പത്തിക സമ്മർദ്ദം എന്നിവയുമായി പാകിസ്ഥാൻ മല്ലിടുകയായിരുന്നു. ജിഹാദ് എന്ന പേരിലാണ് പാകിസ്ഥാനികളെ യുദ്ധത്തിനായി അയച്ചത്. ഇത് തെറ്റിദ്ധാരണകൾക്കും വലിയ നഷ്ടങ്ങൾക്കും കാരണമായി.
നമ്മൾ ചരിത്രത്തെ നിഷേധിക്കുകയും തെറ്റുകൾ അംഗീകരിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. ഏകാധിപതികൾ പണ്ടുകാലങ്ങളിൽ ചെയ്ത തെറ്റുകളുടെ ഫലമായാണ് രാജ്യത്ത് തീവ്രവാദം ശക്തമായത്. നേരിട്ട നഷ്ടങ്ങൾ നികത്താനാകാത്തതാണ്. പാകിസ്ഥാന്റെ തെറ്റുകൾ തിരുത്താനാകാത്തവയാണ്'- പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |