
കൂടുതൽ മത്സരങ്ങൾ കൊച്ചിയിലേക്ക്
കൊച്ചി: മെസിക്കായി അടിമുടി 'ഇന്റർനാഷണലായ" കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ. മാർച്ച് 31ന് ഇന്ത്യയും ഹോങ്കോംഗും തമ്മിലുള്ള ഏഷ്യാ കപ്പ് ക്വാളിഫയർ മത്സരത്തിന് വേദിയായേക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ എ.ഐ.എഫ്.എഫ് പ്രതിനിധികൾ സ്റ്റേഡിയം സന്ദർശിക്കും. അന്തിമ അറിയിപ്പ് ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജി.സി.ഡി.എ. റാഞ്ചി ബിർസ മുണ്ട സ്റ്റേഡിയത്തെയും എ.ഐ.എഫ്.എഫ് പരിഗണിക്കുന്നതായാണ് വിവരം.
ഐ.എസ്.എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് കലൂർ സ്‌റ്റേഡിയം. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ലീഗിന് 14നാണ് കിക്കോഫ്. 22നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. അങ്ങനെയെങ്കിൽ ലീഗിന് ഇടയിൽ തന്നെയാകും ഇന്ത്യ- ഹോങ്കോംഗ് മത്സരം. കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കലൂർ സ്റ്റേഡിയത്തിൽ നടത്താനുള്ള ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണ്. മെസിയുടെ നേതൃത്വത്തിൽ അർജന്റീന ടീം മാർച്ചിൽ എത്തുമെന്നതിൽ ഉറച്ച് നിൽക്കുകയാണ് സ്‌പോൺസർ.
അതേസമയം, കേരളത്തിലേക്ക് മെസിയും സംഘവും വരാനുള്ള സാദ്ധ്യത മങ്ങുകയാണ്. മാർച്ചിൽ സ്‌പെയിനുമായി നടക്കുന്ന ഫൈനലിസിമയ്ക്ക് ശേഷം ഖത്തറുമായി സൗഹൃദമത്സരത്തിന് ടീം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. മാർച്ച് 23 മുതൽ 31 വരെയാണ് ഫിഫ വിൻഡോയുള്ളത്. കലൂർ സ്റ്റേഡിയത്തിൽ അർജന്റീന ഓസ്‌ട്രേലിയയുമായി സൗഹൃമത്സരം നടത്തുമെന്നായിരുന്നു പ്രഖ്യാപനം.
മാർച്ച് 31ന് ഇന്ത്യ-ഹോങ്കോംഗ് മത്സരത്തിന് കൊച്ചിയെ പരിഗണിക്കുന്നുണ്ട്. തീരുമാനം അന്തിമമായിട്ടില്ല.
കെ. ചന്ദ്രൻപിള്ള
ചെയർമാൻ
ജി.സി.ഡി.എ
വാടക കുറച്ചു, കൊച്ചിയിൽ ഉറച്ചു
കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോംഗ്രൗണ്ടായി കലൂർ സ്റ്റേഡിയത്തെ നിലനിറുത്താൻ 6.4 ലക്ഷം രൂപ വാടകയിൽ ഇളവ് നൽകി ജി.സി.ഡി.എ. മത്സരത്തിന് 8.4 ലക്ഷം രൂപയായിരുന്നു വാടക. എ.ഐ.എഫ്.എഫ് നേരിട്ട് നടത്തിയ ചർച്ചയിലാണ് ഈ സീസണിൽ ഇളവുനൽകിയത്.
8 ഹോംമാച്ച്
• ഫെബ്രുവരി 22- മുംബയ് സിറ്റി
• ഫെബ്രുവരി 28 -ഇന്റർകാശി
• മാർച്ച് 7- ചെന്നൈയിൻ എഫ്‌സി
• മാർച്ച് 21- പഞ്ചാബ് എഫ്.സി
• ഏപ്രിൽ 15- നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
• എപ്രിൽ 18- ജംഷഡ്പൂർ എഫ്.സി,
• ഏപ്രിൽ 23- ഒഡീഷ എഫ്.സി
• മേയ് 10- മുഹമ്മദൻ എസ്.സി
• മേയ് 17 - എഫ്.സി ഗോവ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |