SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.38 PM IST

നാട്ടിൽ 'കറങ്ങി' കാട്ടുപോത്ത്

Increase Font Size Decrease Font Size Print Page
kattupotth-

കോന്നി: തണ്ണിത്തോട് പഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കലിൽ ഒരാഴ്ചയിലേറെയായി കാട്ടുപോത്ത് പതിവായി ജനവാസ മേഖലയിലെത്തുന്നു. ചൊവ്വാഴ്ച രാത്രി 10ന് ശങ്കരത്തിൽ ജോയ്സിന്റെ വീട്ടുമുറ്റത്ത് എത്തിയ കാട്ടുപോത്ത് ഒരുമണിക്കൂറിന് ശേഷം നാട്ടുകാർ പടക്കം പൊട്ടിച്ചതോടെയാണ് പിൻവാങ്ങിയത്.

കോന്നി-തണ്ണിത്തോട് റോഡിലെ എലിമുള്ളുംപ്ലാക്കൽ ജംഗ്ഷനിലും സമീപത്തും പതിവായി കാട്ടുപോത്തിന്റെ സാന്നിദ്ധ്യമുണ്ട്. ചൊവ്വാഴ്ച പുലർച്ച 2 വരെ റോഡിലും സമീപപ്രദേശങ്ങളിലും കാട്ടുപോത്ത് നിലയുറപ്പിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ നിലമേൽ വിദ്യാനന്ദന്റെ വീടിന് സമീപം കാട്ടുപോത്തിനെ കണ്ടതോടെ വീട്ടുകാർ ഏറെനേരം തകരപ്പാട്ട കൊട്ടിയാണ് ഓടിച്ചുവിട്ടത്.

എലിമുള്ളുംപ്ലാക്കൽ ജംഗ്ഷന് സമീപം പോസ്റ്റ് ഓഫീസ്, വനസംരക്ഷണസമിതി ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്ന വീടിന് സമീപം സ്ഥാപിച്ചിരുന്ന തേനീച്ചപ്പെട്ടികൾ കാട്ടുപോത്ത് നശിപ്പിച്ചിരുന്നു. പല വീടുകളുടെയും മുറ്റത്ത് ഒരാഴ്ചയായി ദിവസവും കാട്ടുപോത്ത് എത്തുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്.

വനമേഖലകളാൽ ചുറ്റപ്പെട്ട ജനവാസ മേഖലകളിൽ പതിവായി കാട്ടുപോത്ത് ഇറങ്ങുന്നതിനാൽ സന്ധ്യകഴിയുന്നതോടെ വീടിന് പുറത്തിറങ്ങാനും ഒറ്റയ്ക്ക് സഞ്ചരിക്കാനും നാട്ടുകാർ ഭയപ്പെടുകയാണ്. കോന്നി-തണ്ണിത്തോട് റോഡിൽ രാത്രികാലങ്ങളിൽ സഞ്ചരിക്കുന്ന വാഹനയാത്രക്കാരും കാട്ടുപോത്തിനെ ഭയന്നാണ് ഇതുവഴി കടന്നുപോകുന്നത്.

'കൊമ്പുകോർക്കാൻ' മിടുക്കൻ

 എലിമുള്ളുംപ്ലാക്കലിൽ കാട്ടുപോത്ത് അടുത്തിടെ തെരുവുനായ്ക്കളുമായി ഏറ്റുമുട്ടി

 ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ നിരവിൽ എൻ.ജി.മത്തായിയുടെ വീടിന് മുന്നിലെ ചെടികൾ കാട്ടുപോത്ത് നശിപ്പിച്ചു

 സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാട്ടുപോത്ത് റോഡിലൂടെ നടന്നുപോകുന്നത് ശ്രദ്ധിച്ചത്

 തെരുവുനായ്ക്കൾ കുരച്ചുകൊണ്ട് പിന്നാലെയെത്തി

 തിരിഞ്ഞുനിന്ന കാട്ടുപോത്ത് തെരുവുനായ്ക്കളെ ആക്രമിക്കാൻ ശ്രമിച്ചു

 തെരുവുനായ്ക്കൾ കുരച്ചുകൊണ്ട് നിലയുറപ്പിച്ചതോടെ കാട്ടുപോത്ത് ഒടുവിൽ പിന്തിരിഞ്ഞു

ജനവാസ മേഖലയിൽ സ്വൈര്യവിഹാരം നടത്തുന്ന കാട്ടുപോത്ത് ജനജീവിതത്തിന് ഭീഷണിയാണ്. വനംവകുപ്പ് നടപടി സ്വീകരിക്കണം.

ലില്ലി ബാബു, പ്രസിഡന്റ്,

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY