
അപകടത്തിൽപെടുന്നവർക്ക് 1.5 ലക്ഷം
വരെ പണരഹിത ചികിത്സ ഉറപ്പാക്കും
ന്യൂഡൽഹി: അപകടത്തിൽ പെടുന്നവർക്ക് 1.5 ലക്ഷം രൂപവരെ പണരഹിത ചികിത്സ ഉറപ്പാക്കുന്ന പി.എം റാഹത് പദ്ധതിയടക്കം ജനകീയ തീരുമാനങ്ങളിൽ ഒപ്പിട്ട് പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവാതീർത്ഥിൽ നരേന്ദ്രമോദിയുടെ തുടക്കം. പുതിയ ഒാഫീസിന്റെ പേരിനെ അന്വർത്ഥമാക്കുംവിധം സ്ത്രീകൾ, യുവാക്കൾ, ദുർബല പൗരന്മാർ എന്നിവർക്കായുള്ള സുപ്രധാന തീരുമാനങ്ങളാണ് സേവാതീർത്ഥിലെ ഒാഫീസിൽ പ്രധാനമന്ത്രി ആദ്യം കൈക്കൊണ്ടത്.
കൊളോണിയൽ പാരമ്പര്യത്തിൽ നിന്ന് ആധുനിക ഇന്ത്യയിലേക്കുള്ള മാറ്റം സൂചിപ്പിക്കുന്ന അത്യാധുനിക കെട്ടിടമായ സേവാതീർത്ഥിനൊപ്പം ധനകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ പുതിയ ഓഫീസുകളായ കർത്തവ്യഭവൻ ഒന്നും രണ്ടും കെട്ടിടങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു.
രാഷ്ട്രപതിഭവനു മുന്നിലെ റെയ്സീന കുന്നിലെ സൗത്ത് ബ്ലോക്കിലെ പഴയ ഒാഫീസിൽ അവസാന മന്ത്രിസഭാ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ശേഷമായിരുന്നു ഏതാനും മീറ്ററുകൾ അകലെയുള്ള സേവാതീർത്ഥിലേക്ക് പ്രധാനമന്ത്രി പ്രവേശിച്ചത്.
ഇന്നലെ ഉച്ചയ്‌ക്ക് രണ്ടുമണിയോടെ പുതിയ ഒാഫീസിലെത്തിയ പ്രധാനമന്ത്രി 'സേവാതീർത്ഥ്' എന്ന പേര് അനാച്ഛാദനം ചെയ്‌തു. ജോലി തുടങ്ങും മുൻപ് ഒാഫീസിനുള്ളിലെ ഗണപതി വിഗ്രഹത്തിൽ മാലചാർത്തി പൂജ. 100 രൂപയുടെ നാണയവും പുറത്തിറക്കി. വൈകിട്ട് ആറുമണിക്ക് നടന്ന പൊതുചടങ്ങിലാണ് മന്ദിരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.
സേവാതീർത്ഥ് ആദ്യ
ദിനം: മറ്റ് തീരുമാനം
1. കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ 'ലക്പതി ദീദി'യുടെ ലക്ഷ്യം 2029ൽ 6 കോടി എന്ന് പരിഷ്‌കരിച്ചു. 2027ൽ മൂന്നുകോടി എന്നതായിരുന്നു ആദ്യ ലക്ഷ്യം
2. കർഷകർക്കുള്ള അഗ്രികൾച്ചറൽ അടിസ്ഥാനവികസന ഫണ്ട് ഒരുലക്ഷം കോടിയിൽ നിന്ന് രണ്ട് ലക്ഷം കോടിയാക്കി
3. സാങ്കേതിക വികസനം, പുത്തൻ ആശയങ്ങൾ എന്നിവയിലൂന്നി സ്റ്റാർട്ടപ്പുകളുടെ വികസനം ലക്ഷ്യമിടുന്ന 10,000 കോടി വിഹിതമുള്ള 'സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്' 2.0യ്ക്ക് അംഗീകാരം
സേവാതീർത്ഥിന്
മൂന്ന് ഭാഗങ്ങൾ
സേവാതീർത്ഥ്-1: പ്രധാനമന്ത്രിയുടെ ഓഫീസ്. സേവാതീർത്ഥ്-2: ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്. സേവാതീർത്ഥ്-3: കാബിനറ്റ് സെക്രട്ടേറിയറ്റ്
കർത്തവ്യഭവൻ1,2: ധനകാര്യം, പ്രതിരോധം, ആരോഗ്യം, കുടുംബക്ഷേമം, കോർപ്പറേറ്റ് കാര്യങ്ങൾ, വിദ്യാഭ്യാസം, സംസ്കാരം, നിയമം, നീതി, വിവര, പ്രക്ഷേപണം, കൃഷി, കർഷകക്ഷേമം, രാസവസ്തു-വളം, ഗോത്രകാര്യ മന്ത്രാലയങ്ങളുടെ ആസ്ഥാനം.
കെട്ടിടങ്ങളിൽ പൊതുറിസപ്‌ഷൻ, 4സ്റ്റാർ ഗൃഹ മാനദണ്ഡങ്ങൾ പ്രകാരം പുനരുപയോഗ ഊർജ, ജലസംരക്ഷണ സംവിധാനങ്ങൾ, സ്മാർട്ട് സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |