SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.34 PM IST

നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടാൻ ഡി.സി.സി പ്രസിഡന്റ്?

Increase Font Size Decrease Font Size Print Page
photo

തൃശൂർ: തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടാൻ സാധ്യതയേറുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.പി.സി.സി നേതൃത്വവുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയായി.ഡി.സി.സി പ്രസിഡന്റുമാരെ മത്സരിപ്പിക്കേണ്ടെന്ന എ.ഐ.സി.സി നിർദ്ദേശമുണ്ടെങ്കിലും, വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ഇളവ് അനുവദിക്കാൻ കെ.പി.സി.സിക്ക് നിർദ്ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മത്സരിക്കാനുള്ള നീക്കം. തൃശൂർ മണ്ഡലത്തിൽ തന്നെയാണ് ജനവിധി തേടാൻ സാധ്യത. ഒന്നിലധികം പേരുകൾ സജീവമായി നിൽക്കുന്നതിനാൽ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായാണ് ടാജറ്റ് രംഗത്തെത്തുക. രാജൻ പല്ലൻ, ടി.വി. ചന്ദ്രമോഹൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെങ്കിലും സാമുദായിക ബന്ധം ടാജറ്റിന് അനുകൂലമായേക്കാം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെ.പി.സി.സിയുമായി ജില്ലയിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. ഡി.സി.സി പ്രസിഡന്റ് സ്ഥാനം നിലനിറുത്തി മത്സരിക്കാൻ സാധ്യതയില്ല. അതുകൊണ്ട്തന്നെ പാർട്ടിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്തലും വെല്ലുവിളിയാകും. എല്ലാം കണക്കിലെടുത്ത് അന്തിമ തീരുമാനം ഈ മാസം അവസാനത്തോടെ ഉണ്ടാകും.

ഗുരുവായൂർ സീറ്റിൽ ധാരണയായില്ല

ഗുരുവായൂർ സീറ്റ് മുസ്ലീം ലീഗ് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ഇനിയും ധാരണയായിട്ടില്ല. സീറ്റ് മുസ്ലീം ലീഗ് വിട്ടുകൊടുത്തില്ലെങ്കിൽ ടി.എൻ. പ്രതാപൻ മണലൂർ തന്നെ മത്സരിക്കും. മണലൂരിൽ മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും കെ.പി.സി.സി അംഗം സി.ഐ സെബാസ്റ്റ്യനടക്കം പലരും സ്ഥാനാർത്ഥിയാകാൻ ശ്രമിക്കുന്നുണ്ട്. മണലൂർ കിട്ടിയില്ലെങ്കിൽ പുതുക്കാട് മതിയെന്ന് വ്യക്തമാക്കി സി.ഐ. സെബാസ്റ്റ്യൻ കെ.സി. വേണുഗോപാലിനെ കണ്ടിരുന്നു. പുതുക്കാട് മത്സരിക്കാൻ സുനിൽ അന്തിക്കാടിനടക്കം താൽപര്യമില്ല. വിജയസാധ്യതയുള്ള സീറ്റുകളിൽ മാത്രം മത്സരിച്ചാൽ മതിയെന്നാണ് നേതാക്കളുടെ നിലപാട്. മണലൂർ ലഭിച്ചില്ലെങ്കിൽ ജോസ് വള്ളൂർ വടക്കാഞ്ചേരിയിലേക്ക് മാറാനും ആലോചിക്കുന്നുണ്ട്.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY