SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.28 AM IST

നമീബിയയും നമിച്ചു

Increase Font Size Decrease Font Size Print Page
cricket

ട്വന്റി-20 ലോകകപ്പിൽ നമീബിയയെ 93 റൺസിന് തോൽപ്പിച്ച് ഇന്ത്യ

ഇഷാനും(61) ഹാർദിക്കിനും (52)അർദ്ധസെഞ്ച്വറി, സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം

ന്യൂഡൽഹി : ഐ.സി.സി ട്വന്റി-20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ നമീബിയയെ 93 റൺസിന് കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ. ടോസ് നഷ്ടപ്പെട്ടിറങ്ങി ആദ്യം ബാറ്റുചെയ്ത് 209/9 എന്ന സ്കോർ ഉയർത്തിയ ശേഷം എതിരാളികളെ 18.2ഓവറിൽ 116ൽ ഒതുക്കുകയായിരുന്നു ഇന്ത്യ. ഇതോടെ നാലുപോയിന്റുമായി എ ഗ്രൂപ്പിൽ ഒന്നാമതുള്ള ഇന്ത്യ 15ന് നടക്കുന്ന അടുത്ത മത്സരത്തിൽ പാകിസ്ഥാനെ നേരിടും.

തന്റെ കരിയറിലെ ആദ്യ ലോകകപ്പ് മത്സരത്തിനായി കളത്തിലിറങ്ങിയ സഞ്ജു സാംസൺ വെറും എട്ടുപന്തുകളിൽ മൂന്ന് സിക്സുകളും ഒരു ഫോറുമടക്കം 22 റൺസെടുത്ത് മടങ്ങിയശേഷം ശേഷം ഇഷാൻ കിഷൻ (24 പന്തുകളിൽ 61), ഹാർദിക് പാണ്ഡ്യ (28 പന്തുകളിൽ 52) എന്നിവരുടെ അർദ്ധസെഞ്ച്വറികളാണ് ഇന്ത്യയെ 200 കട‌ത്തിയത്. തിലക് വർമ്മ 25 റൺസും ശിവം ദുബെ 23 റൺസും നേടി. കഴിഞ്ഞകളിയിൽ അർദ്ധസെഞ്ച്വറിയടിച്ചിരുന്ന ക്യാപ്‌ടൻ സൂര്യകുമാർ ഇന്നലെ 12 റൺസിന് പുറത്തായി.

കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ബുംറയുടെ പന്തുകൊണ്ട് പാദത്തിന് നേരിയ പരിക്കേറ്റിരുന്നുവെങ്കിലും സഞ്ജുവിനൊപ്പം ഇഷാൻ ഓപ്പണിംഗിനിറങ്ങി. തനിക്ക് നേരിടാൻ ലഭിച്ച ആദ്യ മൂന്ന് പന്തുകളിൽ റൺസടുക്കാൻ കഴിയാതിരുന്ന സഞ്ജു പക്ഷേ നാലാം പന്ത് തകർപ്പനൊരു സ്ട്രൈറ്റ് ഡ്രൈവിലൂടെ സൈറ്റ് സ്ക്രീനിനു മുകളിലേക്ക് പറത്തി. രണ്ടാം ഓവറിലെ മൂന്നാം പന്തും നാലാം പന്തും തനിയാവർത്തനം പോലുള്ള പുൾ ഷോട്ടുകളിലൂടെ സിക്സ് പറത്തിയ സഞ്ജുപിന്നാലെ കവർ ഡ്രൈവിലൂടെ ബൗണ്ടറിയും കണ്ടെത്തി. എന്നാൽ ഷിക്കോംഗോയുടെ അടുത്ത പന്തിൽ സഞ്ജുവിന് പിഴച്ചു. ഉയർന്നുപൊങ്ങിയ പന്ത് ബൗണ്ടറി ലൈനിനരികിൽ സ്റ്റീൻകാംപിന്റെ കൈകളിൽ വിശ്രമിച്ചു.

സഞ്ജു കളത്തിൽ നിന്ന് കയറിയതോടെ ഇഷാൻ കിഷൻ ഭരണമേറ്റെടുത്തു. പകരമിറങ്ങിയ തിലക് വർമ്മയും തകർത്തതോടെ ട്വന്റി-20 ലോകകപ്പിന്റെ ചരിത്രത്തിൽതന്നെ ഏ്വവും വേഗത്തിൽ 100 റൺസിലെത്തുന്ന ടീമായി ഇന്ത്യമാറി. 6.5-ാംഓവറിലാണ് ഇന്ത്യ 100 കടന്നത്. എന്നാൽ ഇതിന് പിറകെ ഇഷാൻ പുറത്തായി.20 പന്തുകളിൽ അർദ്ധസെഞ്ച്വറി തികച്ച ഇഷാൻ 24 പന്തുകളിൽ ആറുഫോറുകളും അഞ്ച് സിക്സുകളമടക്കമാണ് 61 റൺസിലെത്തിയത്.

11-ാം ഓവറിൽ ടീം സ്കോർ 120ൽ വച്ച് ക്യാപ്ടൻ സൂര്യകുമാറും 12-ാം ഓവറിൽ 124ൽ വച്ച് തിലക് വർമ്മയും പുറത്തായെങ്കിലും അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും കൂട്ടിച്ചേർത്ത 79 റൺസ് ഇന്ത്യയ്ക്ക് കരുത്തായി. 19-ാം ഓവറിലെ അടുത്തടുത്ത പന്തുകളിലാണ് ഇരുവരും പുറത്തായത്. 28 പന്തുകളിൽ നാലുവീതം ഫോറും സിക്സുമടിച്ച ഹാർദിക്കിനെ എറാസ്മസ് പുറത്താക്കിയപ്പോൾ ശിവം ദുബെ റൺഔട്ടാവുകയായിരുന്നു.ഇതേ ഓവറിന്റെ അവസാനപന്തിൽ അക്ഷർ പട്ടേലിനെ(0) എറാസ്മസ് ബൗൾഡാക്കി. അവസാന ഓവറിൽ മൂന്ന് റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. റിങ്കു സിംഗിന്റേയും(1), അർഷ് ദീപ് സിംഗിന്റെയും (2) വിക്കറ്റുകളാണ് നഷ്ടമായത്. നമീബിയയ്ക്ക് വേണ്ടി ജെറാർഡ് എറാസ്മസ് നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി.

മറുപടിക്കിറങ്ങിയ നമീബിയയെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്ഷർ പട്ടേലും ഹാർദിക് പാണ്ഡ്യയും ചേർന്നാണ് അരിഞ്ഞിട്ടത്. അർഷ്ദീപിനും ബുംറയ്ക്കും ദുബെയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു.

അസുഖബാധിതനായ അഭിഷേക് ശർമ്മയ്ക്ക് പകരക്കാരനായാണ് സഞ്ജു സാംസൺ തന്റെ ലോകകപ്പ് അരങ്ങേറ്റത്തിനിറങ്ങിയത്. പേസർ സിറാജിന് പകരം ജസ്പ്രീത് ബുംറയും ഇന്നലെ കളത്തിലിറങ്ങി. കഴിഞ്ഞ ലോകകപ്പിൽ ടീമിലുണ്ടായിരുന്നെങ്കിലും സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.

സഞ്ജുവിന്റെ ബാറ്റിംഗ് ഇങ്ങനെ

0,0,0,6,6,6,4,W

TAGS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.