പോർട്ട് സിറ്റിയാകാൻ ബേപ്പൂർ
മലബാറിനും വികസന പ്രതീക്ഷ
കോഴിക്കോട്: ബേപ്പൂർ തുറമുഖ വികസനത്തിന് 2, 000 കോടിയുടെ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതോടെ കോഴിക്കോടിനും മലബാറിനും വികസന പ്രതീക്ഷ. സർക്കാർ അംഗീകരിച്ച ക്രൂസ് ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായും പോർട്ട് സിറ്റിയായും ബേപ്പൂർ മാറും. പുതിയ പാലങ്ങളും റോഡുകളും വരുന്നതോടെ വാണിജ്യ, വ്യവസായ സംരംഭങ്ങൾ വരും. തൊഴിലും വരുമാനവും വർദ്ധിക്കും. കോഴിക്കോട് ബീച്ചിൽ കേരള മാരിടൈം ബോർഡിന്റെ വികസന പദ്ധതികൾക്ക് ടെൻഡറായിട്ടുണ്ട്. ഇവ പൂർത്തിയാകുന്നതോടെ കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാനാകും. നോർത്ത്, സൗത്ത് ബീച്ചുകളിലാണ് പുതിയ പദ്ധതികൾ. ഇവ പൂർത്തിയാകുന്നതോടെ തീരദേശത്തിന്റെ മുഖഛായ മാറും. പൊതുസ്വകാര്യ പങ്കാളിത്തത്തിലാണ് (പി.പി.പി) ബേപ്പൂർ തുറമുഖം ഉൾപ്പെടെ വികസിപ്പിക്കുന്നത്. തുറമുഖ വികസനത്തിന്റെ വിശദമായ സാദ്ധ്യതാ പഠനം താമസിയാതെ നടത്തിയേക്കും.
സൗത്ത്, നോർത്ത് ബീച്ചുകളിൽ രണ്ടര ഏക്കറിൽ വീതമാണ് പദ്ധതികൾ നടപ്പാക്കുക. സൗത്ത് ബീച്ചിൽ വാണിജ്യപദ്ധതിയുമുണ്ട്. സർക്കാർ അംഗീകാരം ലഭിച്ചാലുടൻ നിർമ്മാണം തുടങ്ങും. നോർത്ത് ബീച്ചിൽ വെള്ളയിൽ ഹാർബറിനും ലയൺസ് പാർക്കിനുമിടയിൽ പാർക്കിംഗ് സൗകര്യവുമൊരുക്കും. അടിസ്ഥാന സൗകര്യ വികസനം, സൗന്ദര്യ വത്കരണം, വിശ്രമ സൗകര്യം, പാർക്കിംഗ് എന്നിവ ഉൾപ്പെടുത്തിയുള്ള പദ്ധതികൾക്ക് ടെൻഡറായി. 30 വർഷ കാലയളവിൽ പൊതുസ്വകാര്യ പങ്കാളിത്തത്തിലാണ് നടപ്പാക്കുക. സൗത്ത് ബീച്ച് മുതൽ നോർത്ത് ബീച്ച് വരെയുള്ള പദ്ധതികൾ നടപ്പാക്കാൻ കമ്പനികളെ തെരഞ്ഞെടുത്തു. ഫൺസിറ്റി നടത്തിയിരുന്ന 30 സെന്റ് സ്ഥലം മറ്റൊരു പദ്ധതിയ്ക്ക് ഉപയോഗിക്കും. പെട്രോൾ ഉത്പന്നവുമായി ബന്ധപ്പെട്ട സംരംഭം ഇവിടെ തുടങ്ങിയേക്കും. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും കഫെറ്റീരിയയുമുണ്ടാകും.
വരും മ്യൂസിയം
പോർട്ട് ബംഗ്ലാവ് ഉൾപ്പെടുന്ന ഒരേക്കർ സ്ഥലത്തിന്റെ വികസനം സാദ്ധ്യമാക്കും. പ്രീമിയം മറൈൻ ബൊട്ടീക് റസിഡൻഷ്യൽ ബംഗ്ലാവ്, ഓഡിറ്റോറിയം, കൺവെൻഷൻ സെന്റർ, മ്യൂസിയം തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടും. റസ്റ്റോറന്റും തുടങ്ങിയേക്കും. ഇരുനിലകളിലായുള്ള പഴയ കെട്ടിടം കുറേ കാലമായി ഉപയോഗിക്കുന്നില്ല.
ബീച്ചിൽ വികസനം 5 ഏക്കറിൽ
നടപ്പാക്കുക 4 പദ്ധതികൾ
പാർക്കിംഗ് സൗകര്യം 2.5 ഏക്കറിൽ
പദ്ധതി പ്രാവർത്തികമായാൽ വൻകിട കണ്ടെയ്‌നർ ചരക്കു നീക്കവും അനുബന്ധ വ്യവസായങ്ങളും അഭിവൃദ്ധിപ്പെടും. നിലവിലെ തൊഴിലാളികൾക്ക് തൊഴിലും വരുമാനവും കൂടും. പുതിയ തൊഴിലവസരങ്ങളുമുണ്ടാകും.
ടൂറിസംമന്ത്രി മുഹമ്മദ് റിയാസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |