SignIn
Kerala Kaumudi Online
Wednesday, 22 April 2026 10.59 AM IST

ദുർവി​ധി​യെ തോൽപ്പി​ച്ച വീൽചെയർ പ്രണയം

Increase Font Size Decrease Font Size Print Page
photo

കൊല്ലം: പിടിവിടാതെ പിന്തുടരുന്നു ദുർവിധിക്കു പോലും അനീഷിന്റെയും ശ്രീജയുടെയും സ്നേഹത്തിന് വിലങ്ങിടാനായില്ല. പ്രണയമെന്നാൽ സുഖകാലത്തെ കൂട്ടുചേരലല്ല, നോവുകാലത്തെ തണലാകണമെന്ന് ജീവിതംകൊണ്ട് തെളിയിക്കുകയാണ് ഈ ദമ്പതികൾ.

ഓട്ടോറി​ക്ഷയി​ൽ സഞ്ചരി​ക്കവേ ഉണ്ടായ രണ്ട് അപകടങ്ങളാണ് പുനലൂർ തൊളിക്കോട് അനീഷ് ഭവനിൽ അനീഷിന്റെ (42) ജീവി​തം തകർത്തുകളഞ്ഞത്. പതി​നാറാം വയസി​ലെ ആദ്യ അപകടം വീൽചെയറിലാക്കിയപ്പോൾ, രണ്ടാമത്തേത് തീർത്തും കി​ടപ്പി​​ലാക്കി​. ഭാവി​യി​ലേക്കു നോക്കി​ പകച്ചുനി​ന്ന അനീഷി​ന്റെ ജീവി​തത്തി​ലേക്ക് യാതൊരു ഉപാധി​കളുമി​ല്ലാതെ ശ്രീജ കടന്നു വന്നത്, സകല എതി​ർപ്പുകളെയും പ്രണയത്തി​ന്റെ കരുത്തി​ൽ തോൽപ്പി​ച്ചുകൊണ്ടായി​രുന്നു.

പി.ജിയും ബി.എഡും സ്വന്തമാക്കി​യ ശ്രീജ, സുരക്ഷിതമായ അദ്ധ്യാപക ജോലി ഉപേക്ഷിച്ചാണ് വീൽച്ചെയറിലായ അനീഷിന് തുണയായത്. ജാതിയും ശാരീരികാവസ്ഥയും വിലക്കൊരുക്കിയപ്പോൾ, 2014 മെയ് 30ന് പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ അവർ ഒന്നായി​. സി​.പി​.എം പ്രവർത്തകനായി​രുന്നതി​നാൽ പാർട്ടി​ ഓഫീസിൽ വച്ച് രക്തഹാരങ്ങളണിഞ്ഞു. ഈ മധുര ജീവിതത്തിനി​പ്പോൾ വയസ് 12.

ആദ്യം വീൽചെയറിലേക്ക്,

പിന്നെ കട്ടിലിലേക്ക്!

വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു അനീഷ്. അച്ഛൻ മോഹനന് മൈക്ക് സെറ്റ് വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനമുണ്ട്. മൈക്ക് സെറ്റുമായി അനീഷ് സഞ്ചരിച്ചിരുന്ന ഓട്ടോയിൽ ആംബുലൻസ് ഇടിച്ചായിരുന്നു ആദ്യ അപകടം. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തുമ്പോൾ അരയ്ക്കു താഴെ ചലന ശേഷിയും സംസാര ശേഷിയും അന്യമായി​. ഏറെക്കാലത്തിന് ശേഷം ശബ്ദം തിരികെ ലഭിച്ചു, ശരീരം വഴങ്ങിയില്ല. കൂട്ടുകാരുടെ തോളിലേറി സേവനപ്രവർത്തനങ്ങൾക്കിറങ്ങി. ഇത് കണ്ടാണ് എഴുകോൺ കാരുവേലിൽ ഇടവട്ടം സ്വദേശിനിയായ ശ്രീജയുടെ ഉള്ളിൽ പ്രണയം മൊട്ടിട്ടത്. എതി​രെയുള്ള ഉപദേശങ്ങളെല്ലാം അവഗണി​ച്ച് അനീഷും ശ്രീജയും പ്രണയപാതയി​ലായി​. വാടക വീട്ടിലെ ഞെരുക്കങ്ങൾക്കിടയിലും തന്റെ ജീവിതാനുഭവങ്ങൾ ചേർത്ത് അനീഷ് പുനലൂർ 'വീൽച്ചെയറിലെ തോന്ന്യാസി' എന്ന പുസ്തകമെഴുതി. ആദ്യ പതിപ്പ് ചൂടപ്പംപോലെ വിറ്റു. അതിനിടയിലാണ് ഒന്നര വർഷം മുൻപ് അനീഷ് സഞ്ചരിച്ച ഓട്ടോയിലേക്ക് നെടുവത്തൂരിൽ വച്ച് തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ചുകയറിയത്. തലയിൽ മാത്രം പന്ത്രണ്ട് തുന്നിക്കെട്ട്. ഇപ്പോൾ തീർത്തും കിടപ്പിലാണ്. ഉണ്ടായിരുന്ന ചെറിയ ജോലി ഉപേക്ഷിച്ച് ഇപ്പോൾ മുഴുവൻ സമയവും കൂട്ടിരിക്കയാണ് ശ്രീജ. സുമനസുകളുടെ സഹായത്താൽ തൊളിക്കോട് ചെറിയൊരു വീടും ഭൂമിയും സ്വന്തമായിട്ടുണ്ട്. രണ്ട് ഓട്ടോ റിക്ഷകൾ വാടകയ്ക്ക് ഓടുന്നതിന്റെ വരുമാനമാണ് ആകെയുള്ളത്. ഇപ്പോഴും ഇത്തി​രി​പോലും ഇടി​വുണ്ടായി​ട്ടി​ല്ല ഇരുവരുടെയും പ്രണയത്തി​ന്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.