മട്ടന്നൂർ: കിൻഫ്ര വ്യവസായ പാർക്കിൽ വൻ നിക്ഷേപ വാഗ്ദാനവുമായി ആഗോള സ്വർണവ്യവസായ രംഗത്തെ കമ്പനിയായ ഗോൾഡ്സിക്ക ലിമിറ്റഡ്. ഗോൾഡ്സിക്ക ഗ്ലോബൽ ഗോൾഡ് സിറ്റി സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ട ഗോൾഡ്സിക്ക ലിമിറ്റഡ് പ്രതിനിധികൾ കിൻഫ്ര പാർക്കിലെത്തി.
കിൻഫ്ര ഓഫീസിൽ നടന്ന യോഗത്തിൽ ഗോൾഡ്സിക്ക എം.ഡി സയ്യിദ് തരൂജ് അഹമ്മദും സംഘവും ആണ് കെ.കെ ശൈലജ എം.എൽ.എയുമായി ചർച്ച നടത്തിയത്. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് ,കീഴില്ലൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ സജീവൻ എന്നിവരും പങ്കെടുത്തു.
ഗോൾഡ്സിക്ക ഗ്ലോബൽ ഗോൾഡ് സിറ്റി സ്ഥാപിക്കുന്നതിനായി ആയിരം ഏക്കർ ഭൂമിയാണ് ഹൈദരാബാദ് ആ സ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി മട്ടന്നൂരിൽ ആവശ്യപ്പെട്ടിട്ടുള്ളത്. പാർക്കിന്റെ സ്ഥല മെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പാണ് വലിയ നിക്ഷേപവാഗ്ദാനം എത്തിയത്. വിവിധ ഘട്ടങ്ങളിലായി ഏകദേശം 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവും നേരിട്ടും അല്ലാതെയും പത്തുലക്ഷത്തോളം തൊഴിലവസരങ്ങളും ലക്ഷ്യമിടുന്ന പദ്ധതിയാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.
മറ്റു രാജ്യങ്ങളിൽനിന്ന് ഖനനം ചെയ്‌തെടുക്കുന്ന സ്വർണ അയിരിന്റെ ശുദ്ധീകരണം മുതൽ ഡിസൈനിംഗും ആഭരണ നിർമാണവും വരെ ചെയ്യാനാകുന്ന വിധത്തിലാണ് ഗോൾഡ് സിറ്റി വിഭാവനം ചെയ്യുന്നത്. ഇതിനുള്ള ധാരണാപത്രം തിരുവനന്തപുരത്ത് ഗോൾഡ്സിക്ക എം.ഡി എസ്.തരൂജും കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസും കഴിഞ്ഞദിവസം കൈമാറി. അന്ന് നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവ്, അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി പി.വിഷ്ണുരാജ് എന്നിവരും പങ്കെടുത്തിരുന്നു.
മട്ടന്നൂരിൽ നിലവിൽ 128 ഏക്കറിൽ കിൻഫ്ര വ്യവസായ പാർക്ക് പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമേ ലാൻഡ് ബാങ്ക് രൂപീകരിക്കുന്നതിനായി മൂന്നു ഘട്ടങ്ങളായി 1054 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന തിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |