SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.16 PM IST

മുംബയോ അതോ കാഠ്മണ്ഡുവോ, നേപ്പാളി ആരാധകരെ കൊണ്ട് നിറഞ്ഞ് വാംഖഡെ; എവറസ്റ്റോളം പോന്നൊരു വിജയം

Increase Font Size Decrease Font Size Print Page
nepal-vs-scotland

മുംബയ്: ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയം സ്വന്തമാക്കി നേപ്പാള്‍ ക്രിക്കറ്റ് ടീം. ചരിത്രമുറങ്ങുന്ന മുംബയ് വാംഖഡെ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ തങ്ങളുടെ ആരാധകരെ സാക്ഷിനിര്‍ത്തി ഏഴ് വിക്കറ്റുകള്‍ക്കാണ് അവര്‍ സ്‌കോട്‌ലാന്‍ഡിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലാന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തപ്പോള്‍ അവസാന ഓവറില്‍ നാല് പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേപ്പാള്‍ വിജയലക്ഷ്യം മറികടന്നു.

ഓപ്പണര്‍മാരായ കുഷാല്‍ ഭുര്‍ത്തെല്‍ 43(35) - ആസിഫ് ഷെയ്ഖ് 33(27) എന്നിവര്‍ തകര്‍പ്പന്‍ തുടക്കമാണ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 55 പന്തുകളില്‍ 74 റണ്‍സാണ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ രോഹിത് പൗഡല്‍ 16(14) റണ്‍സ് നേടി പുറത്തായി. പിന്നീട് വന്ന ദിപേന്ദ്ര സിംഗ് 50*(23) അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. ഗുല്‍ഷന്‍ ഝാ 24*(17) മികച്ച പിന്തുണ നല്‍കി. പിരിയാത്ത നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 73 റണ്‍സ് നേടി. സ്‌കോട്‌ലാന്‍ഡിനായി മൈക്കള്‍ ലീസ്‌ക് ആണ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്.

ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലാന്‍ഡിന് വേണ്ടി ഓപ്പണര്‍ മൈക്കള്‍ ജോണ്‍സ് 71(45) അര്‍ദ്ധ സെഞ്ച്വറി നേടി ടോപ് സ്‌കോററായി. ജോര്‍ജ് മണ്‍സേ 27(29), ബ്രാന്‍ഡന്‍ മക്മുള്ളന്‍ 25(19) എന്നിവരാണ് പിന്നീട് ബാറ്റിംഗില്‍ തിളങ്ങിയത്. നേപ്പാളിന് വേണ്ടി സോംപാല്‍ കാമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. നന്ദന്‍ യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രോഹിത് പൗഡല്‍, കുഷാല്‍ ഭുര്‍ത്തല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. രണ്ട് ടീമുകളും സൂപ്പര്‍ എട്ട് കാണാതെ നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.

TAGS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY