കോഴിക്കോട്: നഗരത്തിലെ വസ്ത്ര നിൽപ്പനശാലയായ ജയലക്ഷമി ടെക്സ്റ്റൈൽസിനെ തീ വിഴുങ്ങിയപ്പോൾ നഗരം മുൾമുനയിലായത് മണിക്കൂറുകൾ. വൈകീട്ട് ആറുമണിയോടെ ടെക്സ്റ്റൈൽസിന്റെ പിൻഭാഗത്ത് നിന്ന് തുടങ്ങിയ തീ ആളിക്കത്തുകയായിരുന്നു. ആളപായമുണ്ടായില്ലെങ്കിലും നഗരം സ്തംഭിച്ചു. വാഹന ഗതാഗതം പലവഴി തിരിച്ചുവിട്ടു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും തീയണക്കാൻ നന്നേ പാടുപെട്ടു. തൊട്ടടുത്തുള്ള പെട്രോൾപമ്പിലേക്ക് തീ പടരാതിരിക്കാൻ പ്രത്യേക സുരക്ഷ സംവിധാനവും ഏർപെടുത്തിയിരുന്നു.
ഇന്നലെ വൈകീട്ടാണ് ആനിഹാൾ റോഡിൽ റെയിൽവെസ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി ടെക്സ്റ്റൈസിൽ തീപിടുത്തമുണ്ടായത്. ഒന്നാം നിലയുടെ പിൻവശത്ത് നിന്ന് തീയും പുകയും ഉയർന്നതോടെ ജീവനക്കാരെല്ലാം പുറത്തേക്കോടി. ആർക്കും പരിക്കുകളൊന്നുമുണ്ടായില്ലെങ്കിലും തീയും പുകയും കണ്ട് പരിഭ്രാന്തരായ മൂന്ന് സ്ത്രീ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി.
ബീച്ച് ഫയർഫോഴ്സ് സംഘമാണ് ആദ്യമെത്തിയത്. പിന്നീട് ജില്ലയിലെ മുഴുവൻ സംഘങ്ങളുമെത്തി. പലതവണയായി വെള്ളം തളിച്ചിട്ടും തീപടരുന്നതിന് ശമനമില്ലാതയതോടെ മലപ്പുറത്തുനിന്ന് ഫയർഫോഴ്സ് സംഘമെത്തി. ശക്തമായി വെള്ളമടിക്കേണ്ട സഹാചര്യം വന്നതോടെ കരിപ്പൂർ എയർപോർട്ട് ഫയർ ആന്റ് എമർജൻസി സർവീസ് ടീമിനെ എത്തിച്ചു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്.
മാനാഞ്ചിറ മുതൽ പലവഴിക്കായി പൊലീസ് ഗതാഗതം തിരിച്ചുവിട്ടു. കണ്ണൂർറോഡും വയനാട് റോഡുമെല്ലാം ഗതാഗതക്കുരുക്കിനാൽ വീർപ്പുമുട്ടി. മേയറും എം.എൽ.എമാരും മറ്റ് ജനപ്രതിനിധികളും ഉന്നത പൊലീസ് - ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ടെക്സ്റ്റൈൽസ് നിൽക്കുന്ന റോഡിന്റെ എതിർവശത്ത് പത്ത് മീറ്ററോളം ദൂരത്തിലുള്ള പെട്രോൾ പമ്പിനെക്കുറിച്ചോർത്തായിരുന്നു നഗരവാസികളുടേയും അധികൃതരുടേയും വേവലാതി.
ചരിത്രത്തിൽ നിന്ന് പഠിക്കാതെ..
കോഴിക്കോട്: കഴിഞ്ഞ വർഷം മേയ് 18 ന് മൊഫ്യൂസൽ ബസ്സ്റ്റാൻഡിലെ വസ്ത്രവ്യാപാര സ്ഥാപനമായ കാലിക്കറ്റ് ടെക്സറ്റയിൽസിലുണ്ടായ തീപിടിത്തത്തിന് സമാനമായ അനുഭവമാണ് ഇന്നലെ ജയലക്ഷ്മി സിൽക്ക്സിൽ കണ്ടത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. കാലിക്കറ്റ് ടെക്സറ്റയിൽസിൽ തീപിടിത്തമുണ്ടായപ്പോൾ കോടികളുടെ നഷ്ടമാണുണ്ടായത്. 30 ഓളം ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകൾ പരിശ്രമിച്ചിട്ടും കെട്ടിടം ഏതാണ്ട് പൂർണമായും അന്ന് കത്തിനശിച്ചിരുന്നു. ജയലക്ഷ്മി സിൽക്ക്സിൽ തീ പടരുന്നത് ശ്രദ്ധയിൽ പെട്ടയുടൻ ജീവനക്കാരെ ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. സ്ഥാപനത്തിൽ നല്ല തിരക്കുള്ള സമയത്താണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ജീവനക്കാരും ഉപഭോക്താക്കളും മുൻ ഭാഗത്തിലൂടെയുള്ള വഴിയിലൂടെ ഓടുകയായിരുന്നു. പെരുന്നാൾ ലക്ഷ്യമിട്ട് എത്തിച്ച സ്റ്റോക്ക് മുഴുവൻ കത്തിയമർന്നു.
കേരളത്തിലെ വലിയ നഗരങ്ങളിലൊന്നായ കോഴിക്കോട്ട് തീ അണയ്ക്കാൻ ഏറെ പണിപ്പെടേണ്ടി വരുന്ന അഗ്നിരക്ഷാ വിഭാഗത്തിന് ഉൾനാടുകളിൽ ഇത്തരം സംഭവമുണ്ടായാൽ എന്ത് ചെയ്യാനാകുമെന്ന ആശങ്കയാണ് ജനങ്ങൾക്കുള്ളത്.
മിഠായിത്തെരുവിൽ ജീവനെടുത്ത തീ
2007 ഏപ്രിൽ അഞ്ചിന് രാവിലെ ഒമ്പത് മണിയോടെ മിഠായിത്തെരുവിനോട് ചേർന്ന മൊയ്തീൻപള്ളി റോഡിലെ കേരള സ്റ്റേഷനറി മാർട്ട് പടക്കകടയിലുണ്ടായ തീപിടുത്തത്തിൽ എട്ട് മരണമുണ്ടായത് നഗരത്തെ ഞെട്ടിച്ചു. അതിന് ശേഷവും നിരവധി തീപിടുത്തങ്ങൾ നഗരത്തിലുണ്ടായി. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവപാനിയില്ലാതിരുന്നത്.
നഗരത്തിൽ വേണം ഫയർ സ്റ്റേഷൻ
നഗരത്തിൽ തീപിടിത്തം വർദ്ധിക്കുന്ന സാഹചര്യത്തിൽ അഗ്നിശമന സംവിധാനം വിപുലീകരിക്കണമെന്നും ബീച്ച് ഫയർ സ്റ്റേഷൻ നവീകരണം പൂർത്തിയാക്കണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്. ബീച്ച് ഫയർ സ്റ്റേഷൻ പുതുക്കിപ്പണിയുന്നത് വരെ നഗരത്തിൽ അനുയോജ്യമായ സ്ഥലത്ത് താത്ക്കാലിക ഫയർ സ്റ്റേഷൻ ആരംഭിക്കണം. എയർപോർട്ട് പരിധിയിൽ നിന്ന് കൂടുതൽ അഗ്നിശമന ശേഷിയുള്ള റെസ്ക്യൂ ഫയർ എൻജിൻ പുറത്തേക്ക് അയക്കാൻ സാങ്കേതിക തടസങ്ങളുണ്ട്. ഇത്തരം തടസങ്ങൾ നീക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
''കോടികളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഇന്നാണ് മാത്രമെ നഷ്ടം എത്രയെന്ന് തിട്ടപ്പെടുത്താൻ കഴിയുക"
ഗോവിന്ദ കമ്മത്ത്, ജയലക്ഷ്മി സിൽക്സ് ഉടമ
''നഗരത്തിൽ ഇത്തരം സംഭവമുണ്ടാകാതിരിക്കാൻ കരുതലുണ്ടാകും. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തേണ്ടതുണ്ട്"
ഒ.സദാശിവൻ, കോർപ്പറേഷൻ മേയർ
''ആളുകളെ ഒഴിപ്പിച്ചത് വലിയ അത്യാഹിതം ഒഴിവാക്കി. നഗരത്തിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കും"
അഹമ്മദ് ദേവർകോവിൽ, എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |