SignIn
Kerala Kaumudi Online
Saturday, 25 April 2026 4.07 AM IST

പാടശേഖരങ്ങളിൽ കുതിരാരവം: ആവേശം...മാമാങ്കം

Increase Font Size Decrease Font Size Print Page
machad

  • വിസ്മയക്കാഴ്ച്ചയൊരുക്കി പൊയ്ക്കുതിരകൾ

വടക്കാഞ്ചേരി: ആചാരവൈവിദ്ധ്യങ്ങളുടെ ഉത്സവം നാടിന് സമ്മാനിച്ച് മച്ചാട് തിരുവാണിക്കാവിൽ മാമാങ്കം. കൊയ്തൊഴിഞ്ഞ പാടശേഖരങ്ങളിലൂടെ തട്ടക ദേശക്കാരുടെ തോളിലേറി ആരവംമുഴക്കി ഭഗവതി പ്രതീകങ്ങളായ കുതിരകൾ കാവിലെത്തി. ദേശങ്ങളിൽ ഭഗവതിയെത്തിയതോടെ കുതിരകളുടെ തലവയ്പ് നടന്നു. തുടർന്ന് തച്ഛന്റെ പൂജകളും ആചാരച്ചടങ്ങുകളും പൂർത്തിയാക്കി ഓങ്കാരാരവം മുഴങ്ങി. വെടിക്കെട്ടിന് ശേഷം ജാതിമതഭേദമന്യേയുള്ളവർ കുതിരത്തണ്ട് ചുമലിലേറ്റിയതോടെ മാമാങ്കത്തിന്റെ സുപ്രധാന ചടങ്ങുകൾക്ക് തുടക്കമായി. മംഗലം, പാർളിക്കാട് ദേശക്കുതിരകൾ ആദ്യവും മണലിത്തറ, കരുമത്ര, വിരുപ്പാക്ക ദേശക്കുതിരകൾ പിന്നീടും വീണകണ്ടത്തിലെത്തി. ഇവിടെ കാത്ത് നിന്ന ഭഗവതിക്കുതിര ദേശക്കുതിരകളെ സ്വീകരിച്ചു. ആചാരവെടി മുഴങ്ങിയതോടെ മത്സര കുതിരയോട്ടത്തിന് തുടക്കമായി. മണലിത്തറ ദേശത്തിന്റെ മൂന്ന് കുതിരകൾക്കൊപ്പം വർണവസന്തം തീർത്ത് ദേശത്തിന്റെ കുംഭക്കുടം എഴുന്നള്ളിപ്പും കാവിലെത്തി. വിരുപ്പാക്ക (രണ്ട്), കരുമത്ര (രണ്ട്), മംഗലം, (ഒന്ന്), പാർളിക്കാട് (ഒന്ന്) എന്നീ കുതിരകളാടൊപ്പം രണ്ട് ക്ഷേത്രക്കുതിരകളും എഴുന്നള്ളിപ്പിൽ കണ്ണികളായി.

പുലർച്ചെ നാലിന് തിരുവാണിക്കാവ് ക്ഷേത്രനട തുറന്നു. വിശേഷാൽ പൂജകൾക്കുശേഷം കൂട്ടവെടി നടന്നു. ഉച്ചയ്ക്കുശേഷം 2 മുതൽ കുനിശ്ശേരി അനിയൻ മാരാർ പ്രമാണിയായ പഞ്ചവാദ്യവും തുടർന്ന് കല്ലൂർ ഉണ്ണിക്കൃഷ്ണനും സംഘവും നേതൃത്വം നൽകിയ മേളവും കൊട്ടിക്കയറി. ഹരിജൻവേലകളും നടന്നു. രാത്രിയിൽ വിജയ് യേശുദാസ് നയിച്ച മെഗാ മ്യൂസിക്കൽ നൈറ്റ് അരങ്ങേറി. തായമ്പക, കൊമ്പുപറ്റ്, കുഴൽപ്പറ്റ്, ഹരിജനങ്ങളുടെ പഞ്ചവാദ്യം, താലം എന്നിവയുമുണ്ടായി.

20ന് വൈകിട്ട് മൂന്നിന് ഏഴാംപൂജ നടക്കും. മാമാങ്കത്തിന് തെക്കുംകര ദേശം ഭാരവാഹികളായ രഘു പാലിശ്ശേരി, പി.കെ.രാമചന്ദ്രൻ, എം.വി.പ്രവീൺ എന്നിവർ നേതൃത്വംനൽകി.

ഇന്ന് രാവിലെ ഏഴിന് മേളം,10ന് കുതിരകളി, പൂതൻ, തിറ, ഹരിജൻ വേല എന്നിവയ്ക്കു ശേഷം കൂട്ടവെടിയോടെ മാമാങ്കത്തിന് സമാപനമാകും.

അഴകായി കുംഭക്കുടം

വടക്കാഞ്ചേരി: മാമാങ്കത്തിന്റെ അഴകാണ് കുംഭക്കുടം. പങ്കാളിത്ത ദേശമായ മണലിത്തറക്ക് മാത്രമാണ് കുംഭക്കുടമുള്ളത്. ചെറിയ കുടത്തിൽ പൂക്കുലകൾ നിറച്ച് വൃതംനോൽക്കുന്നവർ തലയിലേന്തിയും മുഖത്ത് ശൂലംകുത്തിയും നാദസ്വര താളത്തിനൊപ്പം നൃത്തംചവിട്ടി തിരുവാണിക്കാവിലെത്തി ഗുരുതി സമർപ്പണം നടത്തും. പഴയന്നൂപ്പാടം, മലാക്ക, കുറ്റിക്കാട് വിഭാഗങ്ങളാണ് കുംഭക്കുടവുമായെത്തിയത്.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.