SignIn
Kerala Kaumudi Online
Friday, 20 February 2026 4.25 AM IST

ദേവസ്വം സെക്രട്ടറിയുടെ ഫോട്ടോയെടുത്തു , ചോറ്റാനിക്കര ക്ഷേത്രത്തിൽ ക്യാമറ നിരോധനം

Increase Font Size Decrease Font Size Print Page

chottanikkara

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി ദർശനത്തിനെത്തിയതിന്റെ ഫോട്ടോ വാട്ട്സ് ആപ്പ് ഗ്രൂപ്പിലിട്ടതിനെ തുടർന്ന് ചോറ്റാനിക്കര ക്ഷേത്രത്തിൽ ക്യാമറ നിരോധനം. മൊബൈൽ ഫോണിലുൾപ്പെടെ അനുമതിയില്ലാതെ ഫോട്ടോ, വീഡിയോ ചിത്രീകരണം പാടില്ലെന്ന് ഫെബ്രുവരി 5ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം.

മകം തൊഴൽ ആലോചനാ യോഗത്തിന് ഫെബ്രുവരി നാലിനാണ് ദേവസ്വം സെക്രട്ടറി പി. ബിന്ദു ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരും ദേവസ്വം ബോർഡ്അംഗങ്ങളും ചോറ്റാനിക്കരയിലെത്തിയത്. സെക്രട്ടറി തൃശൂരിലെ വീടെത്തും മുന്നേ ദർശനത്തിന് കയറുന്ന ചിത്രം വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലെത്തി. ദേവസ്വം കമ്മിഷണറുടെ ധൂർത്തിനെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ പരിഹസിച്ചതിന് സസ്പെൻഷനിൽ കഴിയുന്ന എറണാകുളം ക്ഷേത്രത്തിലെ കൗണ്ടർ ജീവനക്കാരനായ അഭിലാഷാണ് ചിത്രം പോസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ ക്ഷേത്രവളപ്പിൽ ഫോട്ടോഗ്രഫി നിരോധിച്ച് ഉത്തരവുമിറങ്ങി. ക്ഷേത്രത്തിനുള്ളിലെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് തടയാനാണ് മാസങ്ങൾക്ക് മുമ്പെടുത്ത തീരുമാനം ഉത്തരവാക്കി ഇറക്കിയിരിക്കുന്നത്. ഫോട്ടോയെടുത്തയാളും പോസ്റ്റ് ചെയ്തയാളും ദേവസ്വത്തിലെ അഴിമതിക്കെതിരെ പോരാടുന്നവരും ഉന്നതർക്ക് വെറുക്കപ്പെട്ടവരാണ്. ക്ഷേത്രങ്ങളിലെ ചുറ്റമ്പലത്തിനുള്ളിൽ ഫോട്ടോ ചിത്രീകരണം അനുവദിക്കാറില്ല. മതിൽക്കെട്ടിനുള്ളിൽ വിലക്കുള്ളത് തിരഞ്ഞെടുത്ത ക്ഷേത്രങ്ങളിൽ മാത്രമാണ്. ചോറ്റാനിക്കരയിൽ ഇതുവരെ നിരോധനം ഉണ്ടായിരുന്നില്ല.

 ഉത്തരവ് അവ്യക്തം

ഫോട്ടോയെടുക്കാൻ അനുമതി നൽകുന്നതിന് ചോറ്റാനിക്കര ദേവസ്വത്തിൽ ഒരു നടപടിക്രമവുമില്ല. വാക്കാൽ അനുമതി നൽകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ക്യാമറകൾ സൂക്ഷിക്കുന്നതിനും സൗകര്യമില്ല. വിവാഹവും ചോറൂണും തുലാഭാരവും വിദ്യാരംഭവും ചുറ്റമ്പലത്തിന് പുറത്താണ് നടക്കുക. ഇതൊക്കെ മൊബൈൽ ക്യാമറയിൽ പകർത്തുന്നതും പ്രശ്നമാകും. നിയന്ത്രണമൊന്നും പ്രാബല്യത്തിൽ വന്നിട്ടില്ല.

 'ദർശനമാഫിയ"യുടെ കളികൾ

ചോറ്റാനിക്കരയിൽ അനധികൃതമായി വി.ഐ.പി ദർശനവും മറ്റും തരപ്പെടുത്തി നൽകുന്ന സംഘമുണ്ട്. ദേവസ്വം സത്രം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തുന്ന അതിസമ്പന്നരായ ഭക്തരാണ് ഇവരുടെ ഇരകളും ഗുണഭോക്താക്കളും. ക്ഷേത്രത്തിലേക്ക് വലിയ സംഭാവനകളും മറ്റും ചെയ്യുന്നതിന്റെ ഇടനിലക്കാരും ഇവരാണ്. ധനവരവുള്ളതിനാൽ ഉദ്യോഗസ്ഥരും തടയാറില്ല. അതിന്റെ മറവിൽ വലിയ വെട്ടിപ്പുകൾക്കും സാദ്ധ്യതയുണ്ട്. ചോറ്റാനിക്കര അമ്മയുടെ പേരിലുള്ള വശ്യകുങ്കുമം, വശ്യചന്ദനം തുടങ്ങിയ ഇല്ലാത്ത പ്രസാദങ്ങൾ വിദേശങ്ങളിൽ വില്പന നടത്തുന്ന മലേഷ്യൻ യുവതിയുടെയും ഇടനിലക്കാർ ഇവരായിരുന്നുവത്രെ. ചുറ്റമ്പലത്തിനുള്ളിൽ വരെ നിന്ന് യുവതി ചിത്രങ്ങളും വീഡിയോകളും ഷൂട്ടുചെയ്തിരുന്നു.

ആരോപണ വിധേയരായവരെയും വിരമിച്ചവരെയും ദേവസ്വം ബോർഡിലെ ഉന്നതർക്ക് അകമ്പടിക്ക് നിയോഗിക്കുന്നതിനെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തതിലൂടെ ചൂണ്ടിക്കാട്ടിയത്.

എസ്. അഭിലാഷ്

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.