
വടക്കാഞ്ചേരി: എങ്കക്കാട്, വടക്കാഞ്ചേരി, കുമരനെല്ലൂർ ദേശങ്ങൾ അണിയിച്ചൊരുക്കുന്ന ഉത്രാളിക്കാവ് പൂരം നാളെ. ജനസാഗരത്തെ വരവേൽക്കാൻ നാടൊരുങ്ങി. എല്ലാ ദേശങ്ങൾക്കും 11 വീതം ആനകൾ എഴുന്നള്ളിപ്പിൽ കണ്ണികളാകും. എങ്കക്കാട് ദേശത്തിന്റെ ആനച്ചമയ പ്രദർശനം പുരോഗമിക്കുകയാണ്. കുമരനെല്ലൂർ, വടക്കാഞ്ചേരി ചമയപ്രദർശനങ്ങൾ ഇന്നു മുതലാണ്. വൈകിട്ട് ആറ് മുതൽ എൻ.എസ്.എസ് മൈതാനത്ത് കുമരനെല്ലൂരിന്റെയും അഞ്ച് മുതൽ കരുമരക്കാട് ശിവക്ഷേത്ര പരിസരത്ത് വടക്കാഞ്ചേരിയുടേതുമാണ് ചമയപ്രദർശനം.
പൂരം ചടങ്ങുകൾ ഇങ്ങനെ...
എങ്കക്കാട്
രാവിലെ 11ന് നാഗസ്വരത്തോടുകൂടി പൂരം ആരംഭിക്കും. കുനിശ്ശേരിഅനിയൻ മാരാരുടെ നേതൃത്വത്തിൽ നടപ്പുര പഞ്ചവാദ്യത്തോട് കൂടി എഴുന്നള്ളിപ്പ്. ഉച്ചതിരിഞ്ഞ് 2.30ന് ശ്രീമൂലസ്ഥാനത്ത്പറയെടുപ്പ്. നാലിന് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം, തുടർന്ന് കുടമാറ്റം, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. പി.ആർ.സുരേഷ് കുമാർ, സി.ജയേഷ്‌കുമാർ, ഡോ: ഡി.നീലകണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകും.
കുമരനെല്ലൂർ
ഉച്ചയ്ക്ക് രണ്ടിന് പഞ്ചവാദ്യം ആരംഭിക്കും. തുടർന്ന് എഴുന്നള്ളിപ്പ്, കുടമാറ്റം, കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. 25ന് പുലർച്ചെ 4.30ന് ദേശവെടിക്കെട്ട്. എഴുന്നള്ളിപ്പിന് പുതുപ്പള്ളി കേശവൻ തിടമ്പേറ്റും. പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻ മാരാർ നേതൃത്വം നൽകും. വെള്ളിതിരുത്തി ഉണ്ണി നായർ മേളപ്രമാണിയാകും. എ.കെ.സതീഷ് കുമാർ, പി.എ.വിപിൻ, ബാലകൃഷ്ണൻ കൊളഞ്ചേരി, പി.പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകും.
വടക്കാഞ്ചേരി
ഉച്ചയ്ക്ക് 12ന് കരുമരക്കാട് ശിവവിഷ്ണു ക്ഷേത്രത്തിലെ നടപ്പുരയിൽ പുകൾപെറ്റ പഞ്ചവാദ്യം നടക്കും. തുടർന്ന് സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്ന എഴുന്നള്ളിപ്പിന് രണ്ട് സായുധ പൊലീസ് ഓഫീസർമാർ അകമ്പടിയാകും. ഊക്കൻസ് കുഞ്ചു തിടമ്പേറ്റും. വെെകിട്ട് നാലിന് ഉത്രാളിക്കാവിലെത്തും. ഭഗവതിപ്പൂരം, മേളത്തിന് ശേഷം ദേശവെടിക്കെട്ട് നടക്കും. തുടർന്ന് കുടമാറ്റം, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. പഞ്ചവാദ്യത്തിന് വൈക്കം ചന്ദ്രൻ മാരാർ നേതൃത്വം നൽകും. മേളത്തിന് പെരുവനം കുട്ടൻ മാരാർ പ്രമാണിയാകും. സി.എ.ശങ്കരൻകുട്ടി, പി.എൻ.വൈശാഖ്, പ്രശാന്ത് പുഴങ്കര, പി.കെ.രാജേഷ് എന്നിവരാണ് നേതൃത്വം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |