
കൊച്ചി: എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊച്ചി നഗരസഭാ പരിധിയിലെ കുടിവെള്ള വിതരണം ഈ മാസം 26 മുതൽ ഫ്രഞ്ച് സ്വകാര്യ ബഹുരാഷ്ട്ര കമ്പനിയായ സൂയസ് ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി നഗരത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും ഡിജിറ്റൽ സർവ്വേക്കും ജി.ഐ.എസ് മാപ്പിംഗിനുമുള്ള നടപടികൾ കമ്പനി ഊർജിതമാക്കിയിട്ടുണ്ട്. നിലവിലുള്ള ഉപഭോക്താക്കളുടെ വിവരങ്ങളും പൈപ്പ് ലൈനുകളുടെ അവസ്ഥയും ഇതിലൂടെ ശേഖരിക്കും.
സൂയസിന്റെ ഓഫീസ് മാസങ്ങൾക്ക് മുമ്പ് കെ.എസ്.ഐ.എൻ.സിയുടെ കടവന്ത്ര ഗാന്ധിനഗറിലെ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നേ കമ്പനിയും കരാറുകാരും എൻജിനിയർമാരും തമ്മിൽ മൂന്ന് വട്ടം ചർച്ചകളും നടത്തിയിരുന്നു.
10 വർഷത്തേക്കാണ് കുടിവെള്ള വിതരണ ശൃംഖലയുടെ ചുമതല കമ്പനിക്ക് നൽകിയിരിക്കുന്നത്. കരാറില്ലാതെയാണ് കമ്പനി ആദ്യത്തെ രണ്ടു മാസം പ്രവർത്തിക്കുക. പത്തു വർഷ കരാറിലെ ആദ്യത്തെ ഒരു വർഷം അറ്റകുറ്റപ്പണികൾ മാത്രമാകും കമ്പനി ചെയ്യുക. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയുള്ള 1,141 കോടി രൂപയുടെ പദ്ധതിയാണിത്. അതിനാൽ തന്നെ എ.ഡി.ബിയുടെ മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരും. മേൽനോട്ടവുമുണ്ടാകും.
ജലനഷ്ടം തടയുക ലക്ഷ്യം
ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി, പമ്പ് ഹൗസുകളുടെ നടത്തിപ്പ്, ചോർച്ച കണ്ടെത്തൽ, പുതിയ കണക്ഷനുകൾ നൽകൽ തുടങ്ങിയവ സൂയസ് ആയിരിക്കും ഇനി മുതൽ നിർവഹിക്കുക. നഗരത്തിലെ ജലനഷ്ടം (അനധികൃതമായ വെള്ളമെടുക്കൽ) 50 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറയ്ക്കുക, 24 മണിക്കൂറും തടസമില്ലാത്ത കുടിവെള്ളം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ചുമതല
പൈപ്പുകളിലെ ചോർച്ച കണ്ടെത്തലും പരിഹരിക്കലും
പമ്പ് ഹൗസുകളുടെയും ജലസംഭരണികളുടെയും നവീകരണവും നടത്തിപ്പും
പുതിയ കണക്ഷനുകൾ നൽകൽ
തടസമില്ലാത്ത ജലവിതരണം ഉറപ്പാക്കൽ
പഴയ പൈപ്പുകൾ മാറ്റൽ
നഗരത്തെ ഒൻപത് സോണുകളാക്കി പഴക്കമേറിയ പൈപ്പുകൾ ആറ് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി മാറ്റിസ്ഥാപിക്കും
ആശങ്ക: കുടിവെള്ള വിതരണം പൂർണമായും സ്വകാര്യ വത്കരിക്കപ്പെടുമോ എന്നത്
വാട്ടർ അതോറിട്ടിയുടെ വാദം:
ഉപഭോക്താക്കളുടെ പരാതി കേൾക്കുന്നതും ബില്ല് ഈടാക്കുന്നതും വരുമാനം ശേഖരിക്കുന്നതും വാട്ടർ അതോറിട്ടി തന്നെയാകും. സൂയസ് കമ്പനി കേവലം സേവന ദാതാവ് മാത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |